
തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിലെ പെൻഷൻ പ്രായം 56ൽ നിന്ന് കൂട്ടുന്നത് പഠിക്കാൻ റിയാബ് ചെയർമാൻ അദ്ധ്യക്ഷനായി സർക്കാർ സമിതിയെ നിയോഗിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചെങ്കിലും എതിർപ്പ് കാരണം പിൻവാങ്ങി.
ശമ്പളപരിഷ്ക്കരണവും വർദ്ധിച്ച പെൻഷനും കാരണം കെ.എസ്.ഇ.ബി. അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതാണ് പെൻഷൻപ്രായം കൂട്ടാൻ ആലോചിക്കുന്നത്.
മൂന്നു വർഷത്തിനകം 4000പേരാണ് വൈദ്യുതി ബോർഡിൽ നിന്ന് വിരമിക്കുന്നത്. പെൻഷൻ ബാധ്യത 2013ൽ 12,419 കോടി ആയിരുന്നത് 29,657 കോടിയായി. 17,238 കോടി വർദ്ധന. സർക്കാർ ഇടപെട്ടില്ലെങ്കിൽ 2025-2026 മുതൽ പെൻഷൻ പ്രതിസന്ധിയിലാകുമെന്നും ബോർഡ് പറയുന്നു.
2013ൽ ബോർഡ് കമ്പനിയാക്കിയപ്പോൾ നിലവിലെ പെൻഷൻകാർക്കും ഭാവിയിൽ വിരമിക്കുന്നവർക്കും പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ 12,419 കോടി വേണമെന്നാണ് കണക്കാക്കിയത്. ബോർഡും സർക്കാരും ചേർന്നുള്ള മാസ്റ്റർ ട്രസ്റ്റിൽ ഇതിനുള്ള പണം നിക്ഷേപിക്കണം. ഉപഭോക്താക്കളിൽ നിന്ന് പിരിക്കുന്ന വൈദ്യുതി ഡ്യൂട്ടി പത്തുവർഷത്തേക്ക് ബോർഡ് തന്നെ കൈവശം വയ്‌ക്കാനും അനുവദിച്ചു. സർക്കാർ വിഹിതത്തിനു പകരമായിരുന്നു ഇത്. ഈ അനുമതി 2023 വരെയാണ്. ഇത് നീട്ടിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
വാട്ടർ അതോറിറ്റി,കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായം കൂട്ടുന്നതും ശമ്പളപരിഷ്ക്കരണത്തിന്റെ മുൻകരുതലുകളും സമിതി പരിശോധിക്കും.
കെ.എസ്.ഇ.ബി.യിൽ സർക്കാർ അനുമതിയില്ലാതെയാണ് രണ്ടുതവണയും ശമ്പളപരിഷ്ക്കരണം നടപ്പാക്കിയത്. ഇത് വൻ ബാദ്ധ്യതയായെന്ന് സി.എ.ജി.റിപ്പോർട്ടുണ്ട്. അതിന് അനുമതി നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്നും സി.എ.ജി. നിർദ്ദേശിച്ചു.സർക്കാർ ജീവനക്കാരുടേതിനേക്കാൾ അധികമാണ് കെ.എസ്.ഇ.ബി.യിലെ ശമ്പളപരിഷ്ക്കരണം.
വാട്ടർ അതോറിറ്റിയിലും കെ.എസ്.ആർ.ടി.സി.യിലും സർക്കാർ അനുമതിയോടെയാണ് കഴിഞ്ഞ വർഷം ശമ്പളം പരിഷ്ക്കരിച്ചത്. രണ്ടിടത്തും ശമ്പളം കൊടുക്കാൻ പ്രതിസന്ധിയുണ്ട്.
പൊതുമേഖലയിലെ ശമ്പളപരിഷ്ക്കരണത്തിന് ഏകീകൃത രൂപമുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനായി നിയമിച്ച സമിതിയുടെ ശുപാർശകൾ നടപ്പാക്കും. കെ.എസ്.ഇ.ബി.യിലെ ശമ്പളപരിഷ്ക്കരണം, പെൻഷൻ പ്രായം എന്നിവയിലും സമാനമായ തീരുമാനമാവും ഉണ്ടാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |