SignIn
Kerala Kaumudi Online
Friday, 18 September 2026 1.11 PM IST

സി.പി.എം വിഭാഗീയത: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്ത്

lk

യു.ഡി.എഫ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 4 സി.പി.എം അംഗങ്ങൾ

ആലപ്പുഴ: യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ നാല് സി.പി.എം അംഗങ്ങൾ പിന്തുണച്ചതോടെ രാമങ്കരി ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മുകാരായ പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് എന്നിവർ പുറത്തായി. 27 വർഷം തുടർച്ചയായുള്ള ഭരണമാണ് വിഭാഗീയതയെത്തുടർന്ന് സി.പി.എമ്മിന് നഷ്ടമായത്. തുടർന്ന് രാജേന്ദ്രകുമാർ പഞ്ചായത്തംഗത്വവും രാജി വച്ചു. അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് സി.പി.എം വിപ്പ് നൽകിയിരുന്നില്ല.

13അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് 9ഉം (എല്ലാവരും സി.പി.എം) യു.ഡി.എഫിന് 4ഉം അംഗങ്ങളാണുള്ളത്. കോൺഗ്രസ് അംഗമായ ആർ.രാജുമോൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് അംഗങ്ങളായ ഡെന്നി സേവ്യർ, സോളി ആന്റണി, ഷീന റെജപ്പൻ, സി.പി.എം അംഗങ്ങളായ കെ.പി.അജയഘോഷ്, സൂര്യ ജിജിമോൻ, ബിൻസ് ജോസഫ് എന്നിവരാണ് പിന്തുണച്ചത്. സി.പി.എമ്മിലെ മോൾജി രാജേഷും അനുകൂലിച്ച് വോട്ടു ചെയ്തു. ഷോപ്പിംഗ് കോപ്ളക്സ് നിർമ്മാണം നടത്താത്തതിനെതിരെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് , സജീവ് ഉതുംന്തറ, റോഷ്ന, രമ്യഹരിദാസ് എന്നീ സി.പി.എം അംഗങ്ങൾ പങ്കെടുത്തില്ല. ഇതോടെ പ്രമേയം പാസായി.

സി.പി.എം ജില്ലാ സമ്മേളനത്തോടെയാണ് കുട്ടനാട്ടിൽ വിഭാഗീയത രൂക്ഷമായത്. കഴിഞ്ഞ ആഗസ്റ്റിൽ രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങൾ, 19ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡി.വൈ.എഫ്.ഐ നേതാക്കൾ, പ്രാദേശിക നേതാക്കൾ ഉൾപ്പടെ 300ഓളം പേർ സി.പി.ഐയിൽ ചേർന്നിരുന്നു. ഇവരെ അനുനയിപ്പിക്കാൻ സി.പി.എം ജില്ലാനേതൃത്വം നീക്കം നടത്തിയെങ്കിലും ഫലവത്തായില്ല

ഇനി സി.പി.ഐയിൽ :

രാജേന്ദ്രകുമാർ

മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ഡീൽ ജൂൺ നാലിന് പുറത്തുവരുമെന്ന് പുറത്തായ പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ പറഞ്ഞു. ഒന്നുകിൽ കൊടിക്കുന്നിൽ സുരേഷ്,. അല്ലെങ്കിൽ തങ്ങൾ അത് വെളിപ്പെടുത്തും. സി.പി.ഐക്കൊപ്പം പ്രവർത്തിക്കുമെന്നും ഇനിമത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും

രാജേന്ദ്രകുമാർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കാനായിരുന്നു ജന താത്പര്യം. അതുകൊണ്ടാണ് സി.പി.എം അംഗങ്ങൾക്കൊപ്പം കോൺഗ്രസ് അംഗങ്ങളും വോട്ട് ചെയ്തത്

- ആർ.നാസർ, ജില്ലാ സെക്രട്ടറി, സി.പി.എം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA