SignIn
Kerala Kaumudi Online
Wednesday, 17 June 2026 12.33 PM IST

തെറ്റ് തിരുത്തൽ: സമ്മർദ്ദത്തിൽ സി.പി.എം;  ആശങ്കയിൽ അണികൾ

READ ENGLISH VERSION
j

തിരുവനന്തരുരം: പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയും സർക്കാരും അടിസ്ഥാന ജന വിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കണമെന്ന സി.പി.എം ജില്ലാക്കമ്മിറ്റികളിൽ മുതൽ കേന്ദ്ര കമ്മിറ്റിയിൽ വരെ ഉയർന്ന വിമർശനങ്ങൾ ഒരു വശത്ത്. സ്വന്തം വീഴ്ചകൾക്ക് പിന്നാക്ക സമുദായ നേതാക്കളുടെ മേൽ വീണ്ടും കുതിര കയറിയും, എസ്.എഫ്.ഐയിലെ ഒരു വിഭാഗത്തിന്റെ കാടത്തങ്ങൾക്ക് നേരേ കണ്ണടച്ചും നേതൃത്വം മറുവശത്ത്.

പാർട്ടിയിലെയും സർക്കാരിലെയും തെറ്റ് തിരുത്തൽ എത്ര മാത്രം പ്രായോഗികമാവുമെന്ന ആശങ്കയിലാണ് പാർട്ടി അണികളിൽ ഭൂരിഭാഗവും. ബ്രാഞ്ച് തലം മുതൽ സെപ്തംബറിൽ ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ ഇത് പൊട്ടിത്തെറി സൃഷ്ടിച്ചേക്കും. ഭരണ വിരുദ്ധ വികാരമാണ് പാർട്ടിയുടെയും മുന്നണിയുടെയും കനത്ത പതനത്തിന് കാരണമെന്ന വിമർശനം നേതൃ യോഗങ്ങളിൽ ഉയർന്നിരുന്നു. ജനങ്ങളിൽ നിന്നും, മത,സമുദായങ്ങളിൽ നിന്നും അകന്നതാണ് അടിസ്ഥാന പ്രശ്നമെന്ന് വിലയിരുത്തിയ കേന്ദ്ര കമ്മിറ്റി, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വിശ്വാസം തിരിച്ചു പിടിക്കണമെന്നാണ് നിർദ്ദേശിച്ചത്.

ബംഗാളിലെയും, ത്രിപുരയിലെയും തകർച്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ, കേരളത്തിലും തിരിച്ചു വരാൻ കഴിയാത്ത വിധം പാർട്ടി തകരുമെന്നാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന മേഖലാ നേതൃയോഗത്തിൽ പി.ബി.അംഗം പ്രകാശ് കാരാട്ടിന്റെ മുന്നറിയിപ്പ്. തെറ്റ് തിരുത്തിയാൽ പോര, അത് ജനങ്ങൾക്ക് ബോദ്ധ്യപ്പെടുകയും വേണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ റിപ്പോ‌ർട്ടിൽ പറഞ്ഞത്

പാർട്ടിക്ക് ജനങ്ങളുമായുള്ള ജൈവ ബന്ധം നഷ്ടമായെന്ന് കാരാട്ടും,കേരളത്തിൽ സി.പി.എം ദ്രവിച്ച അവസ്ഥയിലാണെന്ന് കേരളത്തിൽ നിന്നുള്ള പി.ബി.അംഗം എ.വിജയരാഘവനും വിമർശിച്ചത് കൊച്ചിയിലെ മേഖലായോഗത്തിലാണ്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രീതിയുമായി ബന്ധപ്പെടുത്തി തോൽവിയെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രിയും,ചില മന്ത്രിമാരും,പാർട്ടിയിലെ ചില ഉയർന്ന നേതാക്കളും ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. സർക്കാരിനെ എങ്ങനെ തിരുത്തുമെന്നറിയാതെ കടുത്ത സമ്മർദ്ദത്തിലാണ് പാർട്ടി നേതൃത്വം.

 നിയന്ത്രണം വിട്ട് എസ്.എഫ്.ഐ

പാർട്ടിയുടെ പതനത്തിന് തങ്ങളും ഉത്തരവാദികളാണെന്ന വിമർശനം ഉൾക്കൊള്ളാതെ എസ്.എഫ്.ഐ കലാലയങ്ങളിൽ നടത്തുന്ന അതിക്രമങ്ങളെയും, ഇടിമുറികളിലെ വിചാരണകളെയും നിയന്ത്രിക്കാനാവാത്ത സ്ഥിതിയിലാണ് പാർട്ടി. എസ്.എഫ്.ഐ തെറ്റുകൾ തിരുത്തണമെന്ന് എം.വി. ഗോവിന്ദനും, എ.കെ. ബാലനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും, പാഠം പഠിക്കാൻ എസ്.എഫ്.ഐ നേതൃത്വം തയ്യാറാകാത്തത് പാർട്ടിയിലെയും ഭരണത്തിലെയും ചില ഉന്നതരുടെ ഒത്താശ

ലഭിക്കുന്നതിനാണെന്നാണ്

ആക്ഷേപം.

 പഴി വീണ്ടും വെള്ളാപ്പള്ളിക്ക്

എല്ലാ സമുദായങ്ങളിൽ നിന്നും വോട്ട് ചോർന്നെന്ന് കേന്ദ്ര നേതൃത്വം ഉൾപ്പെടെ വിലയിരുത്തിയിട്ടും, എസ്.എൻ.ഡി.പി യോഗത്തെയും, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടശനെയും ഒറ്റ തിരിച്ച് സി.പി.എം നേതാക്കൾ നടത്തുന്ന ആക്രമണം വിമർശന വിധേയമായിട്ടുണ്ട്. യോഗത്തിന്റെ ശാഖകളിൽ സംഘപരിവാറുകാർ നുഴഞ്ഞുകയറുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പുതിയ ആരോപണം. ശ്രീനാരായണഗുരുവിന്റെ അനുയായികളെ സംഘപരിവാറിന്റെ വേദികളിലേക്ക് ആട്ടിത്തെളിക്കാൻ ശ്രമം നടക്കുന്നതായി സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത്

ദിനേശനും ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA