
ശിവഗിരി: കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകത്തിന് ഈഴവനെ നിയമിച്ചതിൽ പ്രതിഷേധിച്ചു സമരത്തിനിറങ്ങിയ തന്ത്രിമാർക്ക് ഇനിയും നേരം പുലർന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ക്ഷേത്രത്തിലെ വൈദിക കർമ്മത്തിനല്ല, മാല കെട്ടുന്നതിന് പോലും പിന്നാക്കക്കാരനെ നിയമിക്കാൻ പാടില്ലെന്ന് ശഠിക്കുന്നവർക്ക് ബോധാനന്ദ സ്വാമികളുടെ ധർമ്മഭട സംഘത്തിന്റെ പരിഷ്കരണ ശൈലിയാണ് നടപ്പിലാക്കേണ്ടതെന്ന് തോന്നുന്നു. ക്ഷേത്ര നിയമനങ്ങളിൽ അയിത്തം ആചരിക്കുന്നത് കുറ്റകരമാണെന്ന് സുപ്രിം കോടതിയുടെ വിധിയുണ്ടായിട്ടും സ്വതന്ത്രവും അല്ലാത്തതുമായ ചില ദേവസ്വങ്ങൾ ജാതി ചിന്ത വച്ച് പുലർത്തുന്നത് സ്വയം നാശത്തിനാണെന്ന് ഇവർ അറിയുന്നില്ല . ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുടെ തുടർച്ചയാണ് തന്ത്രിമാർ അടക്കമുള്ള സവർണ്ണരുടെയും ജീവിതമെന്ന സത്യം മറക്കരുത്. അരുവിപ്പുറം പ്രതിഷ്ഠയും മറ്റും നടന്നില്ലായിരുന്നുവെങ്കിൽ ഹിന്ദുജനത എത്ര ന്യൂനപക്ഷമായി പോകുമായിരുന്നുവെന്ന സത്യം തന്ത്രിമാരും മറ്റും ചിന്തിച്ചാൽ കൊള്ളാം. പിന്നാക്കക്കാരനെ കഴക സ്ഥാനത്തു നിന്നും മാറ്റി ശുദ്ധിക്രിയ നടത്തി . വാസ്തവത്തിൽ അത് നടത്തിയവരുടെ ഹൃദയത്തിലാണ് ശുദ്ധിക്രിയ വേണ്ടത് . കോടതിവിധിയെ പോലും മാനിക്കാത്ത ഈ മാമൂൽ വിശ്വാസികളെ ഗവണ്മെന്റ് മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ് .
ക്ഷേത്രങ്ങളിൽ പൂജയ്ക്കായും സംഭവനയായും ലഭിക്കുന്ന തുകയിൽ സിംഹഭാഗവും അധ:സ്ഥിത പിന്നോക്ക ജനവിഭാഗങ്ങളുടേതാണ്. ഇന്നും അയിത്താചരണമുള്ള ക്ഷേത്രങ്ങളെ ബഹിഷ്കരിക്കാൻ പിന്നാക്കക്കാർ തയ്യാറാകണം. ഈശ്വരൻ കുടി കൊള്ളുന്ന മറ്റ് ക്ഷേത്രങ്ങൾ , പ്രത്യേകിച്ച് ശ്രീനാരായണ പ്രസ്ഥാനങ്ങൾ നയിക്കുന്ന ക്ഷേത്രങ്ങൾ മതിയെന്ന് ചിന്തിക്കാനും പിന്നാക്ക ജനവിഭാഗങ്ങൾക്ക് സാധിക്കണം . ഇനിയും നേരം വെളുത്തിട്ടില്ലെന്ന് വിചാരിച്ച് ഇരുട്ടിൽ കഴിയുന്നവർക്ക് വെളിച്ചമുണ്ടാക്കാൻ പ്രാർത്ഥിക്കാമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
തന്ത്രിമാർക്കെതിരെ നടപടിയെടുക്കണം: ഈഴവ മുന്നേറ്റ സമിതി
ദേവസ്വം ബോർഡ് വഴി കഴക ജോലിക്ക് പ്രവേശിച്ച ഈഴവന് ഭ്രഷ്ട് കല്പിച്ച കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. 28 ശതമാനം വരുന്ന ഈഴവരെ കാലഘട്ടം മാറിയതറിയാതെ ഇന്നും അടിമകളായി കാണുന്ന സമീപനം അംഗീകരിക്കാനാവില്ല. പുരോഗമന വാദവും മതേതരത്വം പറയുമ്പോഴും ഇപ്പോഴും പലരുടെയും മനസ് നൂറ്റാണ്ടുകൾ പിന്നിലാണ്. ഇത്തരം അസംബന്ധങ്ങൾ അംഗീകരിക്കില്ലെന്നുംഅസമത്വങ്ങൾക്കെതിരേ ശക്തമായി പോരാടുമെന്നും സംസ്ഥാന കമ്മിറ്റിയോഗം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. പേട്ട ഷാജി, കണിയാപുരം ജയകുമാർ, കൊല്ലം സുദർശനൻ, കൊച്ചുപാലം സന്തോഷ്, കോട്ടയം സുധാകരൻ, പാലക്കാട് ഷിബു തുടങ്ങിയവർ സംസാരിച്ചു.
തടസപ്പെടുത്തിയാൽ തന്ത്രിമാരെ
മാറ്റണം: കെ.ഡി.ആർ.ബി
ദേവസ്വം നിയമിച്ച കഴകക്കാരനെ ജോലി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ തന്ത്രിമാരെ പുറത്താക്കി വേറെ തന്ത്രിമാരെ നിയോഗിക്കണമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. തന്ത്രിപ്രതിനിധി കൂടി ഉൾപ്പെട്ട മാനേജ്മെന്റ് കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് കഴകം ജീവനക്കാരന് നിയമനം നൽകിയത്. ഇത് തടയാൻ തന്ത്രിക്കെന്നല്ല, ഒരാൾക്കും അധികാരമില്ല. കർശന നടപടിയെടുക്കാൻ ബോർഡ് തയ്യാറായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |