SignIn
Kerala Kaumudi Online
Thursday, 04 June 2026 11.34 AM IST

സാമ്പത്തിക ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാ‌ർ; നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

READ ENGLISH VERSION
vd-satheeshan-balagopal

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക നില വ്യക്തമാക്കുന്ന ധവളപത്രം നിയമസഭയിൽ പുറത്തിറക്കി യുഡിഎഫ് സർക്കാർ. എന്നാൽ ധവളപത്രം സഭയുടെ മേശപ്പുറത്ത് വച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷം കടുത്ത വിയോജിപ്പും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ സഭയിൽ ഭരണപ്രതിപക്ഷ വാക്‌പോര് രൂക്ഷമായി. സ്പീക്കറുടെ കൃത്യമായ അനുവാദത്തോടെയാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ആരോപണങ്ങളിൽ ഉറച്ചുനിന്നു.


ധവളപത്രം തയ്യാറാക്കാൻ ഔദ്യോഗികവും രഹസ്യവുമായി സൂക്ഷിക്കേണ്ട സർക്കാർ രേഖകൾ പുറത്തു കൊടുത്തത് ഗുരുതര ക്രമക്കേടാണെന്ന് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ ആരോപിച്ചു. സിഎജിക്ക് (എജി) പോലും നൽകാത്ത കണക്കുകൾ പുറത്തുള്ളവർക്ക് കൈമാറിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ധനവകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ പുറത്തുനിന്നുള്ള ഏജൻസികളെയാണ് ധവളപത്രം ചമയ്ക്കാൻ ഏൽപ്പിച്ചത്. ഇത് ഭരണസംവിധാനത്തെ ആകെ തകിടം മറിക്കും. വിഷയത്തിൽ സ്പീക്കറുടെ അടിയന്തര റൂളിംഗ് വേണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.

അതേസമയം, മുൻ ധനമന്ത്രിയുടെ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി നൽകി. കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക നില ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള രേഖയാണിത്. ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന പൊതുവിവരങ്ങൾ മാത്രമാണ് ഇതിലുള്ളത്. പരിശോധനകൾക്കായി ചില സാമ്പത്തിക വിദഗ്ദ്ധരുടെ സഹായം തേടിയെന്നത് ശരിയാണ്, എന്നാൽ ധവളപത്രം പൂർണമായി തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഇതിൽ ഒരു തരത്തിലുമുള്ള രഹസ്യരേഖകളും പുറത്തുപോയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.


ധവളപത്രത്തെ ചൊല്ലി സഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ നേരിട്ടുള്ള വാക്‌പോരും നടന്നു. ധനവകുപ്പല്ല ഈ രേഖ ഉണ്ടാക്കിയതെന്നും, യുഡിഎഫിന്റെ രാഷ്ട്രീയ രേഖ മാത്രമാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുൻ സർക്കാരുകളുടെ കാലത്തെ ധവളപത്രങ്ങളും രാഷ്ട്രീയ രേഖകളായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. എന്നാൽ പ്രതിപക്ഷ നേതാവിന്റേത് വെറും രാഷ്ട്രീയ പ്രസ്താവന മാത്രമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WHITE PAPER, LATESTNEWS, VDS GOVT, KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA