SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.50 AM IST

റെയിൽവേയ്ക്കായി വഴിമാറി തേവരയിലെ കുരിശടി, 200 വർഷം പഴക്കമുള്ള കുരിശടി പൊളിക്കാതെ സ്ഥാനം മാറ്റുന്നു

d

കൊച്ചി: 200 വർഷം പഴക്കമുള്ള കുരിശടി എൻജിനിയറിംഗിന്റെ കരുത്തിൽ 25 മീറ്റർ അകലെ മാറ്റി സ്ഥാപിക്കുന്നു. എറണാകുളം തേവര കോന്തുരുത്തി സെന്റ് നെപുംസിയാൻ പള്ളിയുടെ സെന്റ് ആന്റണീസ് കുരിശടി ജാക്കിയും സ്പാനും ഉപയോഗിച്ച് സ്ഥാനം മാറ്റുന്നത് ഇന്ന് പൂർത്തിയാകും. എറണാകുളം-ആലപ്പുഴ തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുരിശടി നിന്നിരുന്ന സ്ഥലം ഒരുവർഷം മുമ്പ് റെയിൽവേ ഏറ്റെടുത്തിരുന്നു.

കുരിശടി പൊളിക്കാനായിരുന്നു ആദ്യ തീരുമാനം. ചരിത്രസ്മാരകം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ പാരിഷ് കൗൺസിലും നിന്നതോടെ മാറ്റിസ്ഥാപിക്കാൻ വഴിതുറന്നു. ഹരിയാനയിലെ കുരുക്ഷേത്ര ആസ്ഥാനമായ ശ്രീറാം ബിൽഡിംഗ് ലിഫ്റ്റിംഗ് കമ്പനിക്കാണ് ചുമതല. 2025 തുടക്കത്തിലാണ് ശ്രീറാം കമ്പനി 4.5 ലക്ഷത്തിന് കരാറെടുക്കുന്നത്. ഉത്തരാഖണ്ഡിൽ 650 വർഷം പഴക്കമുള്ള ക്ഷേത്രം ഉയർത്തിയതടക്കമുള്ള പരിചയസമ്പത്ത് ശ്രീറാം കമ്പനിക്കുണ്ട്.

കൊച്ചി കോർപ്പറേഷനിൽ നിന്ന് അനുമതി ലഭിച്ചതോടെ രണ്ടുമാസം മുമ്പ് ജോലികൾ ആരംഭിച്ചു. ഒമ്പത് ലക്ഷം രൂപയ്‌ക്ക് സമീപത്ത് ഒന്നര സെന്റ് സ്ഥലം വാങ്ങി അവിടേക്കാണ് കുരിശടി മാറ്റുന്നത്. കുരിശടി നീക്കാൻ കോൺക്രീറ്റിന് ഉൾപ്പെടെ ഒന്നര ലക്ഷത്തിന്റെ മറ്റ് ചെലവുകളും പാരിഷ് കൗൺസിലാണ് വഹിക്കുന്നത്. നവീകരിക്കുന്ന കുരിശടിയുടെ ആശീർവാദചടങ്ങ് ആഘോഷമായി നടത്തും.

ദിവസം 5 മീറ്റർ

12 മീറ്റർ വീതിയും 14 മീറ്റർ ഉയരവുമുള്ള കുരിശടി ചുണ്ണാമ്പും സുർക്കി മിശ്രിതവും ചേർത്ത് നിർമ്മിച്ചതാണ്. ചുറ്റും കുഴിയെടുത്ത്,കുരിശടിയുടെ താഴെ ബീം പണിത് അഞ്ച് മീറ്റർ ഉയർത്തുകയാണ് ആദ്യം ചെയ്തത്. തുടർന്ന് ജാക്കിയും സ്പാനും ഉപയോഗിച്ച് പ്രത്യേകം സ്ഥാപിച്ച റെയിലിലൂടെ മുന്നോട്ട് നീക്കിത്തുടങ്ങി. ദിവസം അഞ്ച് മീറ്റർ ദൂരമേ നീക്കാനാകൂ. ഇന്ന് പുതിയ സ്ഥലത്ത് എത്തിക്കുന്ന കുരിശടി വെള്ളിയാഴ്ച സ്ഥാപിക്കും.

നാടിന്റെ ആത്മബലം

പാലം വരുന്നതിന് മുമ്പ് മുളന്തുരുത്തി-നെട്ടൂർ കടത്ത് കടക്കാനെത്തുന്ന നാട്ടുകാർ ജാതിമത ഭേദമന്യേ കുരിശടിയിൽ നേർച്ചയിടുമായിരുന്നു. ഇത് ആപത്തുകൾ ഒഴിവാക്കുമെന്നാണ് വിശ്വാസം. റെയിൽവേ പാലത്തിനൊപ്പം നടപ്പാലവും ഉയർന്നെങ്കിലും നാട്ടുകാരുടെ വിശ്വാസത്തിന് കുറവുണ്ടായില്ല. പതിവ് മുടക്കാതെ നേർച്ച തുടർന്നു. നവീകരിക്കുമ്പോൾ എട്ട് പുണ്യാളന്മാരുടെ രൂപങ്ങളും കുരിശടിയിൽ സ്ഥാപിക്കും.

കുരിശടിയുടെ മാതൃകയിലാണ് സെന്റ് നെപുംസിയാൻ പള്ളി പൊളിച്ച് നവീകരിച്ചത്. ചരിത്രശേഷിപ്പായ കുരിശടി നിലനിറുത്തണമെന്ന ആവശ്യത്തിനൊപ്പം നിൽക്കുകയായിരുന്നു.

-ജോജി തോമസ് കാനാട്ട്

പാരിഷ് കൗൺസിൽ അംഗം

200 വർഷം പഴക്കമുള്ള നിർമ്മിതി കേടുപറ്റാതെ 25 മീറ്റർ ഉയർത്തി മാറ്റുന്നത് ഗിന്നസ് റെക്കാർഡിൽ ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.

-വികാസ് റാണ

ഉടമ, ശ്രീറാം ബിൽഡിംഗ് ലിഫ്റ്റിംഗ് കമ്പനി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA