
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നൽകിയവർ മലക്കം മറിയുമ്പോൾ പ്രശ്നബാധിതർ അരക്ഷിതരാണ്. പ്രതിബദ്ധതയോടെയും ശാസ്ത്രീയ മാർഗങ്ങളിലൂടെയും വിഷയത്തിൽ ഇടപെട്ട് സംഘർഷം ലഘൂകരിക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു. അന്ന് കുറ്റം മുഴുവൻ സർക്കാരിൽ ചാർത്താൻ ശ്രമിച്ചവരാണ് ഇപ്പോൾ പുതിയ പ്രതിവിധികളില്ലെന്ന് പറഞ്ഞ് തടി തപ്പുന്നത്.വനമേഖലയിലെ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകാനാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും, വനം ഭേദഗതി ബില്ലും പാസാക്കിയത്. എന്നാൽ ഗവർണർ ഈ ബില്ലുകൾ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര നിയമങ്ങൾ പ്രതിബന്ധമാണെന്ന വനം മന്ത്രിയുടെ മുൻകൂർ ജാമ്യം യു ഡി എഫിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |