
തിരുവനന്തപുരം: സർക്കാർ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കുന്നതിനും വകുപ്പുകൾക്കിടയിലുണ്ടാകാവുന്ന തർക്കങ്ങൾ തീർക്കാനും ഉന്നതാധികാരസമിതി രൂപീകരിച്ചു. കോ-ഓർഡിനേഷൻ ആൻഡ് പ്രോഗ്രാം മാനേജ്മെന്റ് ഡിവിഷൻ എന്നാണ് പേര്.
പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും മേധാവി. വിവിധ വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകൾ ഉൾപ്പെടുന്ന സംഘത്തിന്റെ പ്രവർത്തനം ചീഫ് സെക്രട്ടറിയുടെ ഓഫീസിലാവും.
വകുപ്പുകൾ തമ്മിലുള്ള ഏകോപനം സാദ്ധ്യമാക്കാനും പദ്ധതി നടത്തിപ്പിന്റെ പുരോഗതി നിരീക്ഷിക്കാനും വകുപ്പുകൾക്കുണ്ടാവുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനുമുള്ള കേന്ദ്രീകൃത സംവിധാനമാണിതെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിലുണ്ട്.
വകുപ്പുകളുടെ നിയമപരമായ ചുമതലകളോ പദ്ധതി നടപ്പാക്കലിന്റെ ഉത്തരവാദിത്വമോ സമിതിക്കില്ല. കാര്യനിർവഹണ ചട്ടപ്രകാരമുള്ള ഭരണക്രമത്തിലും മാറ്റമുണ്ടാക്കില്ല. വകുപ്പുകളിലെ പൊതുപ്രശ്നങ്ങൾ സമിതി പരിഹരിക്കും. അതിനപ്പുറമുള്ളവ ചീഫ് സെക്രട്ടറിയടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും.
കേന്ദ്രവുമായുള്ള ഏകോപനവും ലക്ഷ്യം
1. കേന്ദ്രസർക്കാർ, കേന്ദ്ര ഏജൻസികൾ എന്നിവയുമായുള്ള ഇടപെടലുകളും ഏകോപനവും സമിതിയുടെ ചുമതലയാണ്. കേന്ദ്രഫണ്ട് നേടിയെടുക്കാൻ വകുപ്പുകളെ സജ്ജമാക്കണം
2. അന്തർസംസ്ഥാന കാര്യങ്ങളിലെയും ജുഡിഷ്യൽ സ്ഥാപനങ്ങളുമായി ഇടപെടേണ്ട കാര്യങ്ങളിലെയും ഏകോപനച്ചുമതലയുമുണ്ട്. മുൻഗണനാ പദ്ധതികളുടെ സമഗ്ര രജിസ്ട്രി പരിപാലനവും നടത്തണം
3. അടിയന്തര സാഹചര്യങ്ങളിൽ വകുപ്പുകൾ, ഏജൻസികൾ, പുറമെയുള്ള സ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിക്കണം. ദുരന്ത, പ്രതിസന്ധി നിവാരണത്തിനുള്ള നോഡൽ സംവിധാനവുമാണിത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |