
തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തീരുമാനമെടുക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപ സമിതി അടുത്ത യോഗത്തിന് ശേഷം റിപ്പോർട്ട് നൽകും. മുസ്ലിം ലീഗ് നേതൃത്വം വിളിച്ച ലീഗ് മന്ത്രിമാരുടെ യോഗം പദ്ധതിയിൽ തീരുമാനമെടുത്ത ശേഷമായിരിക്കുമിത്.
പി.എം.ശ്രീയുമായി ബന്ധപ്പെട്ട് ലീഗ് നിലപാട് വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പദ്ധതി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ താൽപ്പര്യം. വിഷയത്തിൽ ലീഗിന്റെ കൂടി നിലപാട് അറിയണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. ലീഗ് യോഗത്തിനു ശേഷം തിങ്കളാഴ്ച ഉപസമിതി യോഗം ചേർന്നേക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നാലംഗ മന്ത്രിസഭാ ഉപസമിതിയോട് സർക്കാർ നിർദേശിച്ചത്. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഉപസമിതിക്ക് പി.എം.ശ്രീ വിഷയത്തിൽ യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഒരു യോഗം കൂടി ചേർന്ന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ഉപസമിതി കൺവീനറായ പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ അറിയിച്ചത്.ഉപസമിതി അംഗങ്ങളായ മന്ത്രിമാരായ റോജി എം. ജോണിനും പി.സി. വിഷ്ണുനാഥിനും പദ്ധതി നടപ്പിലാക്കണമെന്നാണ് താൽപ്പര്യമെന്നാണ് സൂചന. എന്നാൽ മന്ത്രി എം.ലിജു കഴിഞ്ഞ രണ്ട് യോഗങ്ങളിലും എതിർപ്പ് അറിയിച്ചെന്നാണ് അറിയുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പദ്ധതിയെ അനുകൂലിച്ചാൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അടുത്ത ഉപ സമിതി യോഗത്തിൽ ഏകകണ്ഠമായ നിലപാടിലേെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |