SignIn
Kerala Kaumudi Online
Monday, 14 September 2026 5.17 AM IST

'ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത് രണ്ട് ജഡ്‌ജിമാരാണോ? നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്' സുപ്രീം കോടതി വിധിക്കെതിരെ ഗവർണർ

READ ENGLISH VERSION
arlekar

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയക്രമം നിശ്ചയിക്കുന്ന തമിഴ്‌‌നാട് ഗവർണർക്കെതിരായ സുപ്രീംകോടതിയുടെ വിധിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ നടപടിയെ അതിരുകടന്നതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

'ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണ്. ഗവർണർ അനാവശ്യമായി ബില്ലുകൾ പിടിച്ചുവയ്ക്കരുത് എന്നുപറയുന്നതിനെ ന്യായീകരിക്കാം. എന്നാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ല. വിഷയം കേട്ട ബെഞ്ച് ആ വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഒരു ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരുതരത്തിലുള്ള സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സമയപരിധി വേണമെന്ന് സുപ്രീംകോടതി പറഞ്ഞാൽ അത് ഭരണഘടനാ ഭേദഗതിയാകും. ഭരണഘടനാ ഭേദഗതി ചെയ്യുന്നത് പാർലമെന്റിന്റെ അവകാശമാണ്. ഭേദഗതിക്ക് അനുകൂലമായി മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. അവിടെ (സുപ്രീംകാേടതിയിൽ) ഇരിക്കുന്ന രണ്ട് ജഡ്ജിമാർ, ഭരണഘടനാ വ്യവസ്ഥയുടെ വിധി അവർ തീരുമാനിക്കുമോ? എനിക്ക് ഇത് മനസിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്?'- ആർലേക്കർ ചോദിച്ചു

'സുപ്രീം കോടതി ഒരു നിർദ്ദേശം നൽകുന്നത് മനസിലാക്കാൻ കഴിയും. എന്നാൽ സമയപരിധി തീരുമാനിക്കേണ്ടത് പാർലമെന്റാണ്. ബില്ലുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവർണർക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടായിരിക്കാം. വിവിധ കോടതികളിൽ പല കേസുകളും വർഷങ്ങളോളം കെട്ടിക്കിടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളിലും ‌ സുപ്രീം കോടതിയിലും കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിന് ജഡ്ജിമാർക്ക് പറയാൻ ചില കാരണങ്ങൾ ഉണ്ടായിരിക്കാം.അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കാനും ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. സമയപരിധി നിശ്ചയിക്കണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അവർ പാർലമെന്റിലൂടെ ചെയ്യട്ടെ'-ഗവർണർ വ്യക്തമാക്കി.


മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ലബന്ധത്തിലാണെന്നും ആർലേക്കർ പറഞ്ഞു. 'മുഖ്യമന്ത്രിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഇതുവരെ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല. എല്ലാ പ്രശ്നങ്ങളും ചർച്ചചെയ്യുകയും അവ പരിഹരിക്കുകയും ചെയ്തു. മുന്നിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടെന്നാണ് എന്റെ വാദം. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത് അന്ന് ശരിയായിരുന്നു. രണ്ടുകൈയും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ എന്ന് ചൊല്ലുണ്ടല്ലോ. അപ്പോൾ അതായിരുന്നു അവസ്ഥ. ആ സമയത്ത് സാദ്ധ്യമായതും ആവശ്യമുള്ളതും ആരിഫ് ജി ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOVERNOR, ARLEKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA