
വിഴിഞ്ഞം: ഇന്ത്യയിൽ ആദ്യമായി മാരത്തോണിൽ പങ്കെടുത്ത് ഹ്യൂമനോയ്ഡ് റോബോട്ട് .കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ തിരുവനന്തപുരം ചാപ്റ്ററിന്റെയും യംഗ് ഇന്ത്യൻസിന്റെയും നേതൃത്വത്തിൽ ഇന്നലെ നടന്ന നാലാമത് ഇന്റർനാഷണൽ കോവളം മാരത്തോണാണ് ‘പാച്ചു – ദ റോബോ’ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന്റെ പങ്കാളിത്തം കൊണ്ട് ചരിത്രമെഴുതിയത്. പാച്ചുവിന്റ ഓട്ടം മനുഷ്യനും സാങ്കേതികവിദ്യയും ഒരേ ട്രാക്കിൽ കൈകോർക്കുന്ന അപൂർവതയായി.
19 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ആറ് രാജ്യങ്ങളിൽ നിന്നുമായി 3,000 പേരോളം പങ്കെടുത്തു. ലഹരിവിരുദ്ധ ബോധവത്കരണത്തിനും ആരോഗ്യകരമായ ജീവിതശൈലിക്കും കായികരംഗത്തിന്റെ പങ്ക് ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായി കേരള പൊലീസ് ഐ.ജി സ്പർജൻ കുമാർ ‘പ്രോജക്ട് തൂഫാൻ’ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി കെ. മുരളീധരനും കോവളം എം.എൽ.എ എം.വിൻസെന്റും സമാപനച്ചടങ്ങിൽ മുഖ്യാതിഥികളായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ അശ്വതി ജിജി, ദീപക് ,ഷഹൻഷാ,സി.ഐ.ഐ തിരുവനന്തപുരം ചാപ്റ്റർ ചെയർ ബിൻസി, വൈ.ഐ തിരുവനന്തപുരം ചാപ്റ്റർ ചെയർ മാത്യു ജേക്കബ്,തിരുവനന്തപുരം കോ-ചെയർ വിഷ്ണു.എ.ആർ,കോവളം മാരത്തൺ ചെയർ അനീഷ് ചാക്കോ,റേസ് ഡയറക്ടർ ഷിനോമോൾ, എസ്.യു.ടി ഹോസ്പിറ്റൽ സി.ഇ.ഒ.കേണൽ രാജീവ് മണാലി,ഇംപീരിയൽ കിച്ചൻ ഡയറക്ടർ അനസ്,അഗസ്ത്യം കളരിയിലെ മഹേഷ് ഗുരുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
മാരത്തൺ വിജയികൾ
42.2 കിലോ മീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തണിൽ പുരുഷൻമാരുടെ ഓപ്പൺ വിഭാഗത്തിൽ എസ്.ബി.അനന്തകൃഷ്‌ണനും സീനിയർ വിഭാഗത്തിൽ എസ്.ഷമീറും,വെറ്ററൻ വിഭാഗത്തിൽ ജയേന്ദ്ര സുന്ദരവും ചാംപ്യൻസ് വിഭാഗത്തിൽ എം.ബി.രഞ്ജിത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇതേ വിഭാഗങ്ങളിലെ വനിതകളിൽ സോണിയ സുസൻ,രാജി തങ്കം,സോജസിയ,ദേവീദാസ് എന്നിവരും ഒന്നാം സ്‌ഥാനം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |