
മലപ്പുറം: ഗുജറാത്തിലെ വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് രണ്ട് കോടിയുടെ സ്വർണവും 33.35 ലക്ഷം രൂപയുമായി മുങ്ങിയ മലപ്പുറം സ്വദേശികൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ആസിഫ്, നിയാസ് മുഹമ്മദ് എന്നിവർക്കെതിരെയാണ് 67കാരനായ സൂറത്ത് സ്വദേശിയായ വ്യാപാരി പരാതി നൽകിയത്.
ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം. ദുബായിൽ നിന്ന് വാങ്ങിയ സ്വർണം ഇന്ത്യയിലെത്തിച്ച് വിൽക്കുകയായിരുന്നു വ്യാപാരിയുടെ ലക്ഷ്യം. ഇന്ത്യയിൽ ഇറങ്ങുമ്പോൾ അടയ്‌ക്കേണ്ട കസ്റ്റംസ് നികുതിക്കായി 1.28 ലക്ഷം യു.എ.ഇ ദിർഹവും (ഏകദേശം 33.35 ലക്ഷം രൂപ) ഇദ്ദേഹം കൈവശം വച്ചിരുന്നു. യാത്രയ്ക്കിടെ വ്യാപാരിയുമായി സൗഹൃദം സ്ഥാപിച്ച നിയാസ് മുഹമ്മദ് അദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുത്തു. മുംബൈ വിമാനത്താവളത്തിലിറങ്ങിയ ശേഷം കസ്റ്റംസ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് നിയാസ് വ്യാപാരിയുടെ കൂടെക്കൂടുകയായിരുന്നു. തുടർന്ന് നികുതി അടയ്ക്കാനുള്ള തയാറെടുപ്പുകൾക്കിടെ സഹായിക്കാനെന്ന വ്യാജേന സ്വർണവും പണവും അടങ്ങിയ ബാഗ് ഇയാൾ തന്ത്രപരമായി കൈക്കലാക്കി മുങ്ങി. മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തിൽ കയറിയാണ് പ്രതി കടന്നുകളഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
തട്ടിപ്പിനിരയായ വ്യാപാരി മുംബൈ പൊലീസിനെ സമീപിക്കുകയായിരുന്നു. നിയാസിനൊപ്പം ഈ തട്ടിപ്പ് ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഹാരിസ് സഹായിച്ചതായി പരാതിയിൽ പറയുന്നു. ഇവർക്കെതിരെ വിശ്വാസവഞ്ചന, ഗൂഢാലോചന വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |