
കോഴിക്കോട്:മുറിയുടെ വാതിലടച്ച് കഴുത്തിൽ കുരുക്കിട്ട്, രക്ഷിതാക്കളെ വീഡിയോകോളിൽ വിളിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങിയ മുപ്പത്തഞ്ചുകാരനെ പൊലീസ് രക്ഷിച്ചു.
നല്ലളം സ്വദേശിയായ യുവാവാണ് ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് അച്ഛനെ വീഡിയോകോളിൽ വിളിച്ച് ജീവനൊടുക്കാൻ തുനിഞ്ഞത്. കഴുത്തിൽ കുരുക്കുമായി നിൽക്കുന്ന യുവാവിന്റെ ദൃശ്യം അമ്മയും കണ്ടു. അരുതെന്ന് അമ്മ വിലക്കുന്നതിനിടെ അച്ഛൻ നല്ലളം പൊലീസിലെത്തി ജി.ഡി ചാർജ്ജുണ്ടായിരുന്ന സതീഷ്കുമാറിനെ വിവരമറിയിച്ചു. എസ്.ഐ രാഹുൽനാഥും സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീശാന്ത്, സിവിൽ പൊലീസ് ഓഫീസർമാരായ അരവിന്ദാക്ഷൻ, അനീഷ് എന്നിവരും ഉടൻ യുവാവിന്റെ വീട്ടിലെത്തി. പട്രോളിംഗ് ഡ്യൂട്ടിയിലുള്ളവരെയും വിവരമറിയിച്ചു. തുടർന്ന് യുവാവിനെ പൊലീസ് അനുനയിപ്പിച്ചു. മുറിക്ക് പുറത്തുനിന്നാണ് പൊലീസുകാർ കൗൺസലിംഗ് നടത്തിയത്. ആദ്യം മുറി തുറക്കാൻ തയ്യാറായില്ല. പൊലീസുകാരുടെ നയപരമായ ഇടപെടലിലാണ് തുറന്നത്. ഭാര്യയും മകളും പിണങ്ങിപ്പോയതാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്ന് ഇയാൾ പറഞ്ഞു. ബന്ധുക്കളെ വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിച്ച ശേഷമാണ് പൊലീസ് മടങ്ങിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തയുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ:1056, 0471-2552056)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |