കൊച്ചി : സംസ്ഥാനത്ത് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സംഘടനകളുടെ നിയമാവലിക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും വിരുദ്ധമായി അവയുടെ ഘടനയിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. അസോസിയേഷനുകളുടെ പുനഃസംഘടനയ്ക്കുപിന്നാലെ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റികളുടെ പ്രവർത്തനം നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും സമർപ്പിച്ച രണ്ടു റിട്ട് ഹർജികൾ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
അംഗങ്ങൾ തീരുമാനിക്കുന്ന ബൈലോകൾക്ക് വിധേയമായി അസോസിയേഷൻ മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശം തടയുന്നതിന് സർക്കാരിന് അധികാരമില്ല. നിലവിലുള്ള മൂന്ന് അസോസിയേഷനുകൾ നിലനിർത്തുന്നതാണ് ഉചിതമെന്ന് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ഈ ശുപാർശ തള്ളിയാണ് മൂന്നിനു പകരം രണ്ടെണ്ണം മാത്രമാക്കാൻ സർക്കാർ ഉത്തരവിട്ടത്. 1966ലെ പൊലീസ് (അവകാശ നിയന്ത്റണ) ചട്ടങ്ങൾ പ്രകാരം അസോസിയേഷനുകൾക്ക് അംഗീകാരം നൽകാനോ റദ്ദാക്കാനോ ഉള്ള അധികാരം സംസ്ഥാന പൊലീസ് മേധാവിക്കാണ്, സർക്കാരിനല്ല. ഇല്ലാതാക്കിയ അസോസിയേഷന്റെ രേഖകൾ, ബാങ്ക് ഫണ്ട്, ആസ്തി ബാദ്ധ്യതകൾ എന്നിവ മറ്റ് രണ്ട് അസോസിയേഷനുകൾക്കായി വീതിച്ചു നൽകാനുള്ള ഉത്തരവിലെ നിർദേശം നിയമവിരുദ്ധവും ബൈലോകൾക്ക് വിരുദ്ധവുമാണെന്ന നിരീക്ഷണവും കോടതി നടത്തി.
പുതിയ ഭരണസമിതി രൂപീകരിക്കുന്നതുവരെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനായി സർക്കാർ അഡ്‌ഹോക് കമ്മിറ്റികളും രൂപീകരിച്ചിരുന്നു. എന്നാൽ, ചട്ടവിരുദ്ധവും നിലവിലെ ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയും രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിക്കെതിരെ എതിർപ്പ് ശക്തമായിരുന്നു. സർക്കാറിന്റെ പുനഃസംഘടനാ ഉത്തരവും അഡ്‌ഹോക് കമ്മിറ്റികളുടെ പ്രവർത്തനവും തടഞ്ഞുകൊണ്ട് ഇടക്കാല സ്റ്റേ നൽകിയിരുന്നു. തുടർന്ന് കേസിൽ വിശദ വാദം കേട്ട ശേഷം സർക്കാരിന്റെ വിവാദ ഉത്തരവുകൾ റദ്ദാക്കി ഇന്ന് വിധി പറുകയായിരുന്നു.
The Kerala High Court has quashed a government order reorganizing police associations in the state. Justice Bachu Kurian Thomas ruled that the government lacks the authority to interfere with the structure, bylaws, and constitutional rights of these associations. The court also invalidated ad-hoc committees formed by the government, affirming that only the State Police Chief can approve or cancel associations according to existing rules.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |