
തിരുവനന്തപുരം: കിഫ്ബിയിൽ വൻ ക്രമക്കേട് നടന്നുവെന്നും ഈ രീതിയിൽ മുന്നോട്ടു പോയാൽ വലിയ ബാദ്ധ്യതയാകുമെന്നും യു.ഡി.എഫ് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട്. കടുത്ത നടപടി വേണ്ടിവരുമെന്നും ശുപാർശ. ഇന്നലെ മന്ത്രിസഭായോഗം റിപ്പോർട്ട് ചർച്ച ചെയ്തു. ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ സുധാപിള്ളയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ടിലെ ശുപാർശകളടങ്ങിയ രണ്ടു പേജ് കുറിപ്പ് മന്ത്രിമാർക്ക് വിതരണം ചെയ്തെങ്കിലും അവർ വായിച്ചശേഷം മടക്കി വാങ്ങി. റിപ്പോർട്ട് സഭയിൽ വയ്ക്കുന്ന സാഹചര്യത്തിലാണിത്. കിഫ്ബിക്ക് വേണ്ടി ബഡ്ജറ്റിന് പുറത്തുനിന്നുള്ള കടമെടുപ്പ് വേണ്ടെന്നു വയ്ക്കുക, കിഫ്ബിയെ പൂർണമായി സർക്കാർ നിയന്ത്രണത്തിലാക്കുക, സർക്കാർ കടമെടുക്കുന്നതിനേക്കാൾ ഒന്നു മുതൽ ഒന്നര ശതമാനം വരെ ഉയർന്ന പലിശയ്ക്ക് വായ്പയെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
സർക്കാർ അംഗീകൃത പലിശ നിരക്കിലേ കടമെടുപ്പ് പ്രോത്സാഹിപ്പിക്കാവൂ. ഓഡിറ്റിംഗും നിയമസഭയോടുള്ള വിധേയത്വവും ഉറപ്പാക്കണമെന്നും നിർദ്ദേശിക്കുന്നു. വിരമിച്ച 460 ജീവനക്കാർക്ക് കിഫ്ബിയിൽ പുനർനിയമനം നൽകിയിട്ടുണ്ട്. ഇവരെ പൂർണമായി ഒഴിവാക്കണം. ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കണം തുടങ്ങിയ ശുപാർശകളുമുണ്ടെന്നും അറിയുന്നു. കിഫ്ബി ഇതുവരെ 42,193.45 കോടിയാണ് വായ്പയെടുത്തത്. 9.6% വരെ കൂടിയ പലിശയ്ക്കാണ് ഇതെല്ലാമെടുത്തത്. ഇതിൽ 1023.71കോടി മാത്രമാണ് തിരിച്ചടച്ചിട്ടുള്ളതെന്നും റിപ്പോർട്ടിലുണ്ട്.
തദ്ദേശ പദ്ധതി വിഹിതം
വെട്ടിക്കുറയ്ക്കും?
കേന്ദ്ര ധനകാര്യകമ്മിഷൻ വിഹിതത്തിൽ 5000 കോടിയുടെ കുറവുണ്ടാകുമെന്നാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതമുൾപ്പെടെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ഇന്നലെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തതായി സൂചനയുണ്ട്. നടപ്പുവർഷം മുൻസർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ തദ്ദേശപദ്ധതി വിഹിതമായി 11,189 കോടിയായിരുന്നു വകയിരുത്തിയിരുന്നത്.
യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ അത് 8,655.45 കോടിയാക്കി കുറച്ചിരുന്നു. ധനകാര്യകമ്മിഷൻ വിഹിതം കുറയുന്ന സാഹചര്യത്തിൽ അധികവിഭവ സമാഹരണം നടത്തി ജനങ്ങൾക്ക് അധികഭാരം ഏൽപ്പിക്കാതെ നടപ്പുവർഷം പദ്ധതി വിഹിതം കുറയ്ക്കുന്നതാണ് സർക്കാർ പരിഗണിക്കുന്നത്. അത് നടപ്പായാൽ 1,350 കോടിയുടെ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |