
തിരുവനന്തപുരം: പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയ, ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് ഉൾപ്പെട്ട കൈയാങ്കളി വിഷയം ഒതുക്കിത്തീർക്കാൻ കെ.പി.സി.സി നേതൃത്വം. രണ്ട് പേരെ സസ്പെൻഡ് ചെയ്തതിൽ നടപടി അവസാനിച്ചേക്കും. എം.എൽ.എയുടെ പ്രവർത്തനങ്ങളിൽ മുൻ പി.എ പാളയം പ്രദീപിന്റെ ഇടപെടൽ ഒഴിവാക്കാൻ നിർദ്ദേശിച്ചേക്കും. രമ്യാ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ലെന്നാണ് അറിയുന്നത്.
എം.എം.ഹസ്സൻ അദ്ധ്യക്ഷനായ അന്വേഷണ സമിതി ഇന്ദിരാഭവനിൽ നടത്തിയ തെളിവെടുപ്പിനെത്താതിരുന്ന രമ്യ ഹരിദാസ് ഞായറാഴ്ച പാലക്കാട്ടുണ്ടായിരുന്നു. ഫോണിലൂടെയാണ് ഇവർ മൊഴി നൽകിയത്. ഡൽഹിയിലായതിനാലാണ് തെളിവെടുപ്പിന് എത്താൻ കഴിയാത്തതെന്നാണ് അറിയിച്ചിരുന്നത്. രമ്യയുടെ വിശദീകരണവും കേട്ട ശേഷമാവും റിപ്പോർട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് കൈമാറുക. രമ്യാ ഹരിദാസ് എത്താതിരുന്നതിനെക്കുറിച്ച് അന്വേഷണ സമിതിയോട് തന്നെ ചോദിക്കണമെന്നായിരുന്നു ഇന്നലെ സണ്ണി ജോസഫിന്റെ പ്രതിരരണം.
അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാവാതെ രമ്യാ ഹരിദാസ് ഒളിച്ചോടുന്നുവെന്ന ആരോപണം ശരിയല്ലെന്ന് പാളയം പ്രദീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.ചിറയിൻകീഴിൽ താൻ പങ്കെടുത്തെന്ന് പറയുന്ന യോഗം ഔദ്യോഗിക പരിപാടിയായിരുന്നില്ല.സജാദിന്റെ വീട്ടിൽ പല തവണ പോയിട്ടുണ്ട്. അദ്ദേഹവുമായുള്ള സംസാരത്തിനിടെ വാക്കുതർക്കമുണ്ടായി. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തർക്കം പാർട്ടിയിൽ പറഞ്ഞു തീർക്കാവുന്നതാണ്. സജാദിന്റെ ഭാര്യയോടോ മകളോടോ മോശമായി പെരുമാറിയിട്ടില്ലെന്നും പ്രദീപ് പറഞ്ഞു.
ചിറയിൻകീഴിലേത് ഏത്
പാർട്ടിയിലും നടക്കുന്നത്:
രമ്യ ഹരിദാസ്
പാലക്കാട്: ചിറയിൻകീഴിൽ നടന്ന കൈയ്യാങ്കളി ഏത് വീട്ടിലും പാർട്ടിയിലും സംഘടനയിലും ഉണ്ടാകുന്നതു പോലെയുള്ള സാധാരണ വിഷയമാണെന്നും ,അത് സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്നും രമ്യ ഹരിദാസ് എം.എൽ.എ . പാലക്കാട് ഡി.സി.സി അദ്ധ്യക്ഷൻ എ.തങ്കപ്പന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാദ്ധ്യമങ്ങളോടുള്ള അവരുടെ പ്രതികരണം.
ചിറയിൻകീഴിലെ കൈയ്യാങ്കളി അന്വേഷിക്കുന്ന കെ.പി.സി.സി സമിതി മുമ്പാകെ ഹാജരാകാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ,ബുദ്ധിമുട്ടുകൾ കാരണമാണ് ഡൽഹിയിലേക്ക് പോകാതിരുന്നതെന്നും ടിക്കറ്റുകളടക്കം നേരത്തെ ബുക്ക് ചെയ്തിരുന്നതാണെന്നും രമ്യ വ്യക്തമാക്കി. ഡൽഹിയിൽ പോയെന്ന് പറഞ്ഞ ദിവസം പാലക്കാട് ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് രമ്യ പ്രതികരിച്ചില്ല.
ഡൽഹിയിലാണെന്ന് പറഞ്ഞ ദിവസം രമ്യ പാലക്കാടുണ്ടായിരുന്നു. ഡി.സി.സി അദ്ധ്യക്ഷൻ എ.തങ്കപ്പന്റെ വീട്ടിലെ ചടങ്ങിലും പങ്കെടുത്തു. രാത്രി എട്ടരയോടെ സ്വകാര്യ വാഹനത്തിലാണെത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. ഡൽഹിയിലായതിനാൽ വരാനാകില്ലെന്ന് രമ്യ അറിയിച്ചെന്നും ,ഫോണിലൂടെ വിശദീകരണം നൽകിയെന്നും കഴിഞ്ഞ ദിവസം എം.എം.ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രദീപിനെ സ്റ്റാഫിൽ
ഉൾപ്പെടുത്താൻ രമ്യ
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയുടെ പേരിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ പി.എയാക്കാൻ രമ്യാ ഹരിദാസ് എം.എൽ.എയുടെ നീക്കം. ഇന്നലെ നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ ഇതിനുള്ള
കത്തെത്തിച്ചു. മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്നറിയുന്നു.
എം.എൽ.എയുടെ പ്രവർത്തനങ്ങളിൽ പ്രദീപിന്റെ ഇടപെടൽ ഒഴിവാക്കണമെന്ന ചിറയിൻകീഴിലെ പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം അവഗണിച്ചാണ് നീക്കം. ഇന്നലെ നിയമസഭാ സെക്രട്ടറി ഓഫീസിൽ ഉണ്ടായിരുന്നില്ല. കത്ത് തനിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ രമ്യ ഹരിദാസ് ആലത്തൂർ
എം.പിയായിരുന്നപ്പോഴും പ്രദീപായിരുന്നു പി.എ..
പാർട്ടി മാറിനിൽക്കാൻ
ആവശ്യപ്പെട്ടില്ലെന്ന്
പാളയം പ്രദീപ്
പാലക്കാട്: ചിറയിൻകീഴ് കൈയ്യാങ്കളിയിൽ തന്നോട് മാറി നിൽക്കാൻ ഒരു കെ.പി.സി.സി നേതൃത്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും, താൻ പാർട്ടിയുടെ വിശ്വസ്തനായ
പ്രവർത്തകനാണെന്നും പാളയം പ്രദീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു..
തെറ്റുകാരനാണെന്ന് കണ്ടാൽ പാർട്ടിക്ക് തനിക്കെതിരെ നടപടിയെടുക്കാൻ പൂർണമായ അധികാരമുണ്ട്. താൻ ഔദ്യോഗികമായി എം.എൽ.എയുടെ സ്റ്റാഫ് തന്നെയാണ്. തനിക്ക് കൃത്യമായി ശമ്പളം വരുന്നത് തന്നെയാണ് അതിനുള്ള തെളിവ്. അതിന്റെ രേഖകൾ ബാങ്കിൽ നിന്ന് ലഭിക്കാൻ കാത്തിരിക്കുകയാണെന്നും പ്രദീപ് പറഞ്ഞു..
മറുപടിയില്ലാതെ
സണ്ണി ജോസഫ്
പാലക്കാട്: ചിറയിൻകീഴിലെ കൈയ്യാങ്കളിയിൽ രമ്യാ ഹരിദാസ് എം.എൽ.എ അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാകാത്തതിൽ മറുപടി പറയാതെ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. രമ്യ പാലക്കാടുണ്ടായിരുന്നോയെന്ന് തനിക്കറിയില്ല. ദൃശ്യങ്ങൾ ശ്രദ്ധിച്ചില്ല. അത് തന്റെ വിഷയമല്ല. അന്വേഷണ കമ്മിഷൻ അദ്ധ്യക്ഷനായ എം എം ഹസ്സനോട് ചോദിക്കണം
രമ്യാ ഹരിദാസുമായി ബന്ധപ്പെട്ട വിഷയം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് രണ്ട് പേർക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |