തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സെപ്തംബർ ഒഴികെ ജൂലായ് മുതൽ ഡിസംബർ വരെ കെ.എസ്.ഇ.ബിക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചത്.
ഡിസംബർവരെ ഉയർന്ന വിലയ്ക്ക് ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിരുന്നു, ഇതിൽ തെളിവെടുപ്പ് നടത്തിയ കമ്മിഷൻ, കൂടുതൽ കണക്കുകൾ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. കണക്കുകളും മറ്റ് വിശദാംശങ്ങളും കെ.എസ്.ഇ.ബി ഇന്ന് കമ്മിഷന് സമർപ്പിച്ചു. ഇത് പരിശോധിച്ചശേഷമാണ് കമ്മിഷൻ ഉത്തരവ്.
അതേസമയം സംസ്ഥാനത്ത് രാത്രിയിലെ വൈദ്യുതി നിയന്ത്രണത്തിൽ നിലവിലെ സ്ഥിതി തുടരും. ജൂൺ 16 മുതൽ 30 വരെയാണ് രാത്രിയിൽ 30 മിനിട്ട് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കേരളത്തിനു പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിലും ആഭ്യന്തര ഉത്പാദനത്തിലും കുറവ് വന്നതിനെത്തുടർന്നായിരുന്നു കെ.എസ്.ഇ.ബിയുടെ നടപടി. പുറത്തുനിന്ന് വൈദ്യുതി ലഭ്യമായ ദിവസങ്ങളിൽ നിയന്ത്രണം വേണ്ടിവന്നിരുന്നില്ല. ചില ദിവസങ്ങളിൽ 15 മിനിട്ട് മാത്രമായിരുന്നു നിയന്ത്രണം. കഴിഞ്ഞ ശനിയാഴ്ച ഒന്നിലധികം തവണയായി ഒരു മണിക്കൂറിലധികം വൈദ്യുതി മുടങ്ങി. വ്യാപകമായി മഴ ലഭിച്ചതുകൊണ്ടും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും ഞായറാഴ്ച നിയന്ത്രണം വേണ്ടിവന്നില്ല. ഇതേ ക്രമീകരണമാവും തുടർന്നും ഉണ്ടാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |