
തിരുവനന്തപുരം: നെടുമ്പാശേരിയിൽ മദ്യപിച്ച് വാഹനമോടിച്ച് മൂന്ന് ജീവനെടുത്ത കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നത് അവസാനിപ്പിക്കും. 18- 21വയസുകാരെ ജയിലിന് പകരം ബോസ്റ്റൽ സ്കൂളിലയയ്ക്കുന്ന നിലവിലെ നിയമം മാറ്റുന്നതും ആലോചിക്കും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. 10 വർഷംവരെ ശിക്ഷകിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. മരിച്ചവരുടെ സഹപ്രവർത്തകൻ പ്രിയാദിന്റെ മൊഴിപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കാറോടിച്ചയാളുടെ പേരും വിലാസവും പ്രിയാദിന് അറിയാത്തതിനാൽ ആദ്യം പ്രതിയുടെ പേരുൾപ്പെടുത്താനായില്ല. പിന്നീട് കൂട്ടിച്ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. മെഡിക്കൽ പരിശോധനാ ഫലം ലഭിച്ചതോടെ മോട്ടോർവാഹന നിയമത്തിലേതടക്കം വകുപ്പുകളും കൂട്ടിച്ചേർത്തു.
കുറ്റകരമായ നരഹത്യയ്ക്കാണ് കേസ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ ഒന്നാംപ്രതി സുഹൈലിന് പ്രേരണ നൽകിയെന്ന് മനസിലാക്കി അവർക്കെതിരെയും കേസെടുത്തു. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹനവകുപ്പിന് കത്ത് നൽകി. അന്വേഷണം ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന് കൈമാറി. മരിച്ചവരുടെ കുടുംബങ്ങളുടെ പരാതികൾ പരിശോധിച്ച് നടപടി ഉറപ്പാക്കാൻ ദക്ഷിണമേഖലാ ഐ.ജി. നിശാന്തിനിയെ ചുമതലപ്പെടുത്തി.
പ്രതിയെ മാറ്റാൻ
ശ്രമിച്ചു: പിണറായി
നാട്ടുകാർ പ്രതിയെ കൈയോടെ പൊലീസിലേൽപ്പിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലും അറസ്റ്റ് രേഖപ്പെടുത്തിയതിലും കാലതാമസമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് വൈദ്യ പരിശോധന നടത്തിയില്ല. പ്രതിയെ മാറ്റാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കണമെന്നും പിണറായി പറഞ്ഞു.
അപകടമല്ല, കൊലപാതകമായി കണക്കാക്കണമെന്ന് അൻവർസാദത്ത് പറഞ്ഞു. സുഹൈലിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
വർഗ്ഗീയ പ്രചാരണത്തെ
അപലപിച്ച് നിയമസഭ
അപകടത്തിനുശേഷമുണ്ടായ വർഗ്ഗീയ പ്രചാരണങ്ങളെ നിയമസഭ അപലപിക്കുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ചിലർ അങ്ങേയറ്റം വൃത്തികെട്ട പ്രതികരണം നടത്തിയത് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എന്തിനെയും വർഗീയാടിസ്ഥാനത്തിലാക്കുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് സ്പീക്കർ പറഞ്ഞു. വർഗീയ പ്രചാരണങ്ങൾ മനുഷ്യത്വരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.
പ്രതിക്കുവേണ്ടി ഇടപെട്ടിട്ടില്ല: മന്ത്രി ലിജു
ന്യൂഡൽഹി: നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതിക്കുവേണ്ടി ഇടപെട്ടിട്ടില്ലെന്നും മൂന്ന് ജീവനുകൾ കവർന്ന പ്രതിക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് നിലപാടെന്നും എക്സൈസ് മന്ത്രി എം. ലിജു. തനിക്കെതിരെ ഡി.വൈ.എഫ്.ഐ ഉയർത്തിയ ആരോപണങ്ങൾ പൂർണമായും അസത്യമാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ അതിൽ നിന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും സി.പി.എമ്മും പിന്തിരിപ്പിക്കണമെന്നും മന്ത്രി ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിഷേധക്കാർക്ക്ജലപീരങ്കി
നെടുമ്പാശേരി: നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കി.
കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയതിന് പിന്നാലെ ഇന്നലെ സി.പി.എം ആലുവ, അങ്കമാലി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലും പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. രണ്ടുവട്ടം പൊലീസ് സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
വൈകിട്ട് എ.ഐ.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിയും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |