
കൽപ്പറ്റ: പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമൻ മണ്ണിലേക്കു മടങ്ങുകയായി. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.30 നായിരുന്നു അന്ത്യം. വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കമ്മന നവോദയ എൽ.പി സ്കൂളിൽ പൊതു ദർശനത്തിനുവയ്ക്കും. രണ്ടരയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ചെറുവയൽ കുറിച്ച്യ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
1952 ജൂൺ ആറിന് എടവക കമ്മനയിലെ കുറിച്യ തറവാട്ടിലാണ് തലക്കര ചെറിയരാമനെന്ന ചെറുവയൽ രാമന്റെ ജനനം. കേളപ്പന്റെയും തേയിയുടെയും മകനാണ്.
ചൊവ്വാഴ്ച വെെകിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ശസ്ത്രക്രിയ നടത്തിയിരുന്നു. വെെകിട്ടോടെ ആരോഗ്യ നില വഷളായി. നേരത്തെയും രണ്ടു തവണ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ (നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), രാജേഷ്, രജിത. മരുമക്കൾ: തങ്കമണി, ഉണ്ണികൃഷ്ണൻ, രജിത, പരേതനായ രാജൻ.
10-ാം വയസിൽ കൃഷിയിലേക്ക്
രണ്ടാം വയസിൽ പിതാവ് മരിച്ചതോടെ അമ്മാവന്റെ സംരക്ഷണയിലാണ് വളർന്നത്. കമ്മന നവോദയ എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസ് വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. പത്താം വയസിൽ കാർഷിക മേഖലയിലേക്ക് ഇറങ്ങി. അമ്മാവൻ കൈമാറിയ 40 ഏക്കർ ഭൂമിയും തലമുറകളായി കൈമാറി വന്ന വിത്തുകളുമായിരുന്നു സമ്പാദ്യം. 1969ൽ കണ്ണൂർ ഡി.എം.ഒ ഓഫീസിൽ വാർഡനായി ജോലി ലഭിച്ചെങ്കിലും കൃഷിയോടുള്ള അഭിനിവേശം കാരണം ജോലി വേണ്ടന്നുവച്ചു. 150 വർഷം പഴക്കമുള്ള മൺവീട്ടിൽ ലളിത ജീവിതം നയിച്ച് പൂർണസമയം കൃഷിയിൽ വ്യാപൃതനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |