
സാധാരണ ദിവസങ്ങളെപ്പോലുള്ള വലിയ പൊട്ടലും ചീറ്റലും കുത്തിനോവിക്കലും കൊള്ളി വർത്തമാനങ്ങളുമൊന്നും ഇല്ലാതെയായിരുന്നു ഇന്നലെ നിയമസഭാ സമ്മേളനത്തിന്റെ പോക്ക്. പതിവുപോലെ പ്രതിപക്ഷത്തിന്റെ വക അടിയന്തര പ്രമേയം വന്നു. വൈദ്യുതി പ്രതിസന്ധിയായിരുന്നു വിഷയം. സി.പി.ഐ അംഗം ജി.ആർ.അനിൽ തന്റെ ദൗത്യം ഭംഗിയായി നിർവഹിച്ചു. കെ.എസ്.ഇ.ബിയെ നശിപ്പിച്ച് അദാനിക്കും അംബാനിക്കും കേരളത്തിന്റെ ഊർജ്ജമേഖലയിലേക്ക് കടന്നുവരാനുള്ള അവസരമാണ് യു.ഡി.എഫ് സർക്കാർ ഒരുക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണത്തിന്റെ രത്നചുരുക്കം.
പറഞ്ഞ് പറഞ്ഞ് തല ഭരണപക്ഷത്തിന്റെ കക്ഷത്തിലാണ് വച്ചുകൊടുത്തതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നപ്പോഴാണ് പ്രതിപക്ഷത്തിന് ശരിക്കും ബോദ്ധ്യപ്പെട്ടത്. വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണം ലളിതമായി പറഞ്ഞാൽ മനസിലാകുന്നില്ലെങ്കിൽ പ്രതിപക്ഷത്തിന് മനസിലാകുന്ന വിധത്തിൽ പറയാമെന്നായി മുഖ്യമന്ത്രി. ഇടതുപക്ഷ സർക്കാർ കൈക്കൊണ്ട നവസാമ്പത്തിക ഉദാരവത്കരണമാണ് ഇപ്പോഴുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് പറയാം. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന കരാർ റദ്ദാക്കിയശേഷം കൂടിയ വിലയ്ക്ക് കരാർ നൽകുന്ന ഉദാരവത്കരണ നയമാണ് ഭരണത്തിലിരുന്നപ്പോൾ ഇടതുപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
4.29 രൂപയ്ക്ക് 25 വർഷത്തേക്ക് ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയ എൽ.ഡി.എഫ് സർക്കാർ എട്ടു മുതൽ 14 രൂപവരെ നിരക്കിൽ ആരുടെയൊക്കെ കൈയിൽ നിന്ന് വൈദ്യുതി വാങ്ങിയെന്ന് താൻ പറയുന്നില്ലെന്നും അതൊക്കെ അന്വേഷിക്കേണ്ടതാണെന്നും കൂടി വി.ഡി.സതീശൻ പറഞ്ഞതോടെ പ്രതിപക്ഷം അടങ്ങി. പ്രതീക്ഷയുടെ ചിറകിലേറിയുള്ള സ്വപ്നയാത്രയായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ കൊണ്ടുവന്ന 2026ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബില്ലിന്റെ അവതരണ വേള.
കടൽ കേരളത്തിന് അതിര് മാത്രമല്ല ഭാവിയിലേക്കുള്ള ഗേറ്റ് വേ ആണെന്ന ടാഗ് ലൈനോടെയാണ് അദ്ദേഹം ബിൽ അവതരിപ്പിച്ചത്. അധികാരത്തിലെത്തും മുമ്പ് യു.ഡി.എഫ് 'മിഷൻ സമുദ്ര' പ്രഖ്യാപിച്ചത് തന്നെ വലിയ പ്രതീക്ഷയോടെയും സ്വപ്നത്തോടെയുമാണെന്നും അദ്ദേഹം വിശദമാക്കി. കിഴക്കുള്ള വനമേഖല പാരിസ്ഥിതിക നിയമത്തിന്റെയും മദ്ധ്യമേഖല നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെയും തീരമേഖല തീരദേശ സംരക്ഷണ നിയമത്തിന്റയും അതിർവരമ്പിലായതിനാൽ കേരളത്തിന് സ്വന്തമായ 600 കിലോമീറ്റർ കടലാണ് ഇനിയുള്ള പ്രതീക്ഷയെന്ന് സ്ഥാപിച്ചെടുക്കാൻ സമർത്ഥമായ വാക് ധോരണിയിലൂടെ അദ്ദേഹത്തിന് സാധിച്ചു.
മാരിടൈം ടൂറിസം, റിവർ ടൂറിസം, സമുദ്രമേഖലയുമായി ബന്ധപ്പെട്ടുള്ള അക്കാഡമിക് പ്രോഗ്രാമുകൾ, വിപുലമായ തൊഴിൽ സാദ്ധ്യത, അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയം. അങ്ങനെ മുഖ്യമന്ത്രി വിതാനിച്ച സ്വപ്നങ്ങളുടെ അന്തരീക്ഷത്തിൽ പ്രതിപക്ഷാംഗങ്ങളും തെല്ലു മയങ്ങിപ്പോയോ എന്നു സംശയം. സജി ചെറിയാനും കെ.വി.സുമേഷും വിഷ്ണുമോഹനുമൊക്കെ നിരുപദ്രവകരമായ ചെറിയ ചില സന്ദേഹങ്ങൾ ഉന്നയിച്ചതൊഴിച്ചാൽ ബില്ലിന്റെ വഴിയേ സഞ്ചരിക്കുകയായിരുന്നു അവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |