SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.06 PM IST

വിഷയം പർവതീകരിച്ച് വിവാദമുണ്ടാക്കേണ്ട; ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം നി‌ർമിച്ചതിൽ എംവി ഗോവിന്ദൻ

READ ENGLISH VERSION
mv-govindan

കണ്ണൂർ: ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം ഉണ്ടാക്കിയതിൽ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയം പർവതീകരിച്ച് വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

സംഭവത്തിന്റെ വിശദാംശങ്ങൾ ജില്ലാ കമ്മിറ്റിയോട് ചോദിക്കണമെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാനൂരിലെ രക്തസാക്ഷി മണ്ഡപം ബുധനാഴ്ചയാണ് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നത്.

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ്‌ സി പി എം പാനൂർ തെക്കുംമുറിയിൽ രക്‌തസാക്ഷി മണ്ഡപം നിർമിച്ചത്. 2015 ജൂൺ ആറിനായിരുന്നു സ്‌ഫോടനം ഉണ്ടായത്.

കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ വച്ചായിരുന്നു ബോംബ് നിർമ്മാണം. സ്‌ഫോടനത്തിൽ ഷൈജുവും സുബീഷും കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

സ്‌ഫോടനത്തിന് പിന്നാലെ സി പി എം ഇരുവരെയും തള്ളിപ്പറഞ്ഞിരുന്നു. സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.

കോടിയേരി തള്ളിപ്പറഞ്ഞെങ്കിലും പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്‌. സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിച്ചതും പാർട്ടിയാണ്.

ഈസ്റ്റ് ചെറ്റക്കണ്ടി എ.കെ.ജി നഗറിലെ പാർട്ടി വക സ്ഥലത്തായിരുന്നു ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചത്. തൊട്ടടുത്ത വർഷം മുതൽ പാർട്ടി ഇരുവരുടേയും അനുസ്‌മരണം സംഘടിപ്പിക്കാൻ തുടങ്ങി.

ഇരുവർക്കും സ്മാരകം നിർമ്മിക്കാൻ 2016 ഫെബ്രുവരിയിൽ സി പി എം ധനസമാഹരണം നടത്തിയിരുന്നു. അതോടൊപ്പം തന്നെ കണ്ണൂർ ജില്ലയിലെ സി പി എം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകളുണ്ട്. ആർ എസ് എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് പട്ടികയിൽ പറയുന്നത്.

അതേസമയം, ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ടത്. ഷെറിനുമായോ ബോംബ് നിർമ്മാണവുമായോ ബന്ധമില്ലെന്നായിരുന്നു സി പി എമ്മിന്റെ പ്രതികരണം. എന്നാൽ പാനൂർ ഏരിയ അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവർ ഷെറിന്റെ വീട്ടിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOMB, DEATH, MV GOVINDAN, COMRADE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA