SignIn
Kerala Kaumudi Online
Wednesday, 30 September 2026 7.55 PM IST

'ചർച്ച പരാജയപ്പെടാൻ കാരണം ആശമാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും'; സമരത്തിന് പിന്നിൽ രാഷ്‌ട്രീയമെന്ന് എംബി രാജേഷ്

READ ENGLISH VERSION
mb-rajesh

തിരുവനന്തപുരം: ആശമാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മന്ത്രി എംബി രാജേഷ്. ആശമാരോട് സർക്കാരിനുള്ളത് അനുഭാവപൂർവ നിലപാടാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 2023 ഡിസംബർ വരെ സംസ്ഥാനം ഓണറേറിയം വർദ്ധിപ്പിച്ചു. 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി തുറന്നടിച്ചു.

മന്ത്രിയുടെ വാക്കുകൾ:

'സമരം പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പോസിറ്റീവായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സമരം നടക്കുന്നതിനിടെ പാർലമെന്റിൽ കേന്ദ്രം തെറ്റായ മറുപടി നൽകി. ഓണറേറിയം 7000 രൂപ നൽകുമ്പോൾ 6000 എന്നാണ് മറുപടി നൽകിയത്. അവകാശ ലംഘനത്തിന് നോട്ടീസ് നൽകാവുന്നതാണിത്. ആശമാർക്ക് 10000 രൂപയിൽ 8200 രൂപയും സംസ്ഥാനം നൽകുന്നു. ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നു. എന്നിട്ടും സംസ്ഥാനത്തിനെതിരെയാണ് ആശമാർ സമരം ചെയ്യുന്നത്. സമരത്തിന് പിന്നിൽ തീർത്തും രാഷ്‌ട്രീയമാണ്. ഐഎൻടിയുസിയുടെയും ലീഗിന്റെയും യൂണിയനുകൾ ഉൾപ്പെടെ സമരത്തിനില്ല.

18-ാം തീയതി ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയോട് കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി ചോദിച്ചിരുന്നു. ഇന്നലെയും ഒരു കത്ത് നൽകി. എല്ലാ ട്രേഡ് യൂണിയനുകളും ആശമാരെ ആരോഗ്യപ്രവർത്തകരാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതിനൊപ്പമാണ് കേരളം. ഇന്നലത്തെ കത്തിലും അതാണ് ആവശ്യപ്പെട്ടത്. ഇൻസെന്റീവ് കൂട്ടുന്നതിൽ ഉറപ്പ് നൽകാൻ കേന്ദ്രം തയ്യാറല്ല. ഒരു ഘട്ടത്തിൽ ഇൻസെന്റീവ് കൂട്ടുമെന്ന് നദ്ദ പറഞ്ഞിരുന്നു. പിന്നെ ഒരു ഉറപ്പും നൽകിയില്ല. ഇതിനെതിരെയാണ് ആശമാർ സമരം ചെയ്യേണ്ടത്.

കേന്ദ്രത്തെ സഹായിക്കുന്ന സമരമാണിത്. സമരത്തെ നയിക്കുന്ന ചിലരുടെ ഉദ്ദേശം സമരക്കാരുടെ ആവശ്യം നിറവേറ്റുക എന്നതല്ല. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള സമരമാണിത്. അത് ആര് ശ്രമിച്ചലും പരിഹരിക്കാനാവില്ല. സർക്കാരിന്റെ പിടിവാശിയല്ല. സമരക്കാരുടെ പിടിവാശിയാണ് സമരം തീരാത്തതിന് കാരണം. 26,000 ആശമാരിൽ 384പേരാണ് ഇന്നലെ സമരത്തിൽ പങ്കെടുത്തത്.'

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MB RAJESH, ASHA WORKERS PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA