
തിരുവനന്തപുരം:മെഡിസെപ് പൊളിച്ചുപണിയാൻ സർക്കാർ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് സൂചിപ്പിച്ചുവെങ്കിലും തടസ്സം സർക്കാരും ഇൻഷ്വറൻസ് കമ്പനിയുമായുള്ള കരാർ വ്യവസ്ഥകളെന്ന് സൂചന.
ഈ വർഷം ഫെബ്രുവരിയിൽ തുടങ്ങിയ രണ്ടാംഘട്ട മെഡിസെപ് കരാർ രണ്ടുവർഷത്തേക്കാണ്. ഒരു വർഷത്തിന് ശേഷം പ്രീമിയം പരിഷ്ക്കരിക്കുമെന്ന വ്യവസ്ഥ മാത്രമാണ് ഇതിനിടയിൽ സർക്കാരിന് ഇടപെടാനുള്ള പഴുത്.അല്ലെങ്കിൽ പരാതികൾ കൂടിയെന്ന് പറഞ്ഞ് ഇടപെടേണ്ടിവരും. അത് നിയമപ്രശ്നത്തിനും കോടതി ഇടപെടലിനും വഴിവെക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക.ഈ സാഹചര്യത്തിൽ നിലവിലെ രീതിയിൽ ഇടപെടാവുന്നത്ര സാധ്യതകൾ പ്രയോജനപ്പെടുത്തി മെഡിസെപ് മെച്ചപ്പെടുത്തുകയും കരാർ ഒരുവർഷം തികയുമ്പോൾ, പരിഷ്ക്കരിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും മാത്രമാണ് സർക്കാരിന് മുന്നിലുള്ള വഴി. വിശദമായ പഠനം നടത്താൻ സമിതിയെ നിയോഗിക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്.അക്കാര്യത്തിൽ ഓണത്തിന് ശേഷം തീരുമാനമുണ്ടായേക്കും.
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് പദ്ധതി സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകുന്നത് മുന്നിൽ കണ്ടാണ് ഇടതുമുന്നണിസർക്കാർ മെഡിസെപിലേക്ക് മാറിയത്. ജീവനക്കാരുടെ പ്രീമിയം വാങ്ങി ഇൻഷ്വറൻസ് കമ്പനിക്ക് നൽകുന്നതാണ് മെഡിസെപിൽ സർക്കാരിന്റെ പങ്ക്.സർക്കാർ പണം ചെലവാക്കുന്നില്ല.
മെഡിസെപിനെതിരെ ജീവനക്കാർക്ക് വ്യാപക പരാതിയുണ്ട്. പിൻമാറാൻ വ്യവസ്ഥയില്ലെന്നാണ് പ്രധാന ആക്ഷേപം.ഒരുവീട്ടിൽ ഒരാൾ പ്രീമിയം നൽകിയാൽപോലും ഇൻഷ്വറൻസ് കവറേജ് കിട്ടുമെന്നിരിക്കെ, വീട്ടിൽ ഒന്നിലേറെ പെൻഷൻകാരും സർക്കാർ ജീവനക്കാരുമുണ്ടെങ്കിലും എല്ലാവരിൽ നിന്നും ഒരുപോലെ പ്രീമിയം വാങ്ങുന്നുവെന്നതാണ് മറ്റൊരുപരാതി.മികച്ച ആശുപത്രികളിൽ സേവനം ലഭ്യമല്ല, കാഷ് ലെസ് എന്ന് പറഞ്ഞാലും അതിന്റെ ആനുകൂല്യമില്ല.ഇൻഷ്വറൻസ് അപ്രൂവ് ചെയ്ത് കിട്ടാൻ ദിവസങ്ങളെടുക്കുന്നു തുടങ്ങിയ പരാതികളുമുണ്ട്. എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ ചികിത്സ നേടിയതിന്റെ ചെലവ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടതും മെഡിസെപ് അത്രമെച്ചമല്ല എന്ന പ്രതീതിയുണ്ടാക്കിയിട്ടുണ്ട്.
ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കാണ് മെഡിസെപിന്റെ നടത്തിപ്പ് കരാർ. തുടക്കത്തിൽ 500 രൂപയായിരുന്നു ജീവനക്കാർ അടയ്‌ക്കേണ്ടിയിരുന്ന പ്രതിമാസ പ്രീമിയം. നിലവിൽ പ്രീമിയം 687 രൂപയാണ്. വാർഷിക പ്രീമിയം 8244 രൂപ. 2028 ഡിസംബർ വരെയാണ് കരാർ കാലാവധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |