
തിരുവനന്തപുരം: പിതൃമോക്ഷത്തിനായുള്ള പ്രാർത്ഥനയോടെ പതിനായിരങ്ങൾ കർക്കടക വാവുബലിയിട്ടു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിച്ചു. തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം, ശിവഗിരി മഠം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി എന്നിവിടങ്ങളിലെല്ലാം പതിനായിരങ്ങൾ ബലിയിട്ടു.
സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിശ്വാസികളുടെ വൻ തിരക്കുണ്ടായിരുന്നു. തമിഴ്നാട്ടിൽ ചെന്നൈ മറീന കടൽതീരം, കന്യാകുമാരി എന്നിവടങ്ങിലും ബലി തർപ്പത്തിന് വിശ്വാസികൾ എത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആലുവ മണപ്പുറത്തും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമായിരുന്നു ബലിതർപ്പണം. മണപ്പുറത്ത് ദേവസ്വം ബോർഡിന്റെ അംഗീകാരത്തോടെ 36 താത്കാലിക ബലിത്തറകളുണ്ടായിരുന്നു. അദ്വൈതാശ്രമത്തിൽ ഒരേസമയം 750 പേർക്ക് തർപ്പണം നടത്താൻ സൗകര്യമൊരുക്കിയിരുന്നു. ക്ഷേത്രം മേൽശാന്തി പി.കെ. ജയന്തന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു അദ്വൈതാശ്രമത്തിലെ ചടങ്ങുകൾ.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കീഴ്ശാന്തി മേച്ചിലോട്ട് ബപ്പിലേരിയില്ലം സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയടക്കമുള്ളവർ ബലിതർപ്പണത്തിനു കാർമികത്വം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |