SignIn
Kerala Kaumudi Online
Sunday, 06 September 2026 12.44 AM IST

ഫെയ്സ്ബുക്ക് പോസ്റ്റ് മുക്കൽ: മെറ്റയോട് കാരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ്

meta

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും നീക്കിയതിന്റെ കാരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്സ്ബുക്ക് ഉടമകളായ മെറ്റയ്ക്കും കേന്ദ്രസർക്കാരിൻ്റെ ഐ.ടി.മന്ത്രാലയത്തിനും കത്ത് നൽകി.

രണ്ടുമാസം മുമ്പ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളും അദ്ദേഹത്തെ വിമർശിക്കുന്ന പോസ്റ്റുകളും നീക്കിയത് വിവാദമായിരുന്നു. അതിനുപിന്നാലെ ഈ മാസം വീണ്ടും നീക്കിയതോടെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ.യു.ഖേൽക്കർ കേന്ദ്രത്തിനും മെറ്റയ്ക്കും കത്ത് നൽകിയത്.

ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ അറിയിച്ചതുമായ രണ്ട് പോസ്റ്റുകളാണ് നീക്കിയത്.

പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും, ഉള്ളടക്കം നീക്കിയതിൻ്റെ കാരണം ഐ.ടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആവർത്തിക്കുന്നത് തടയാൻ നടപടിയെടുക്കണമെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കിയത് സംബന്ധിച്ച് നേരത്തെ കേരളപൊലീസിലെ സൈബർ വിഭാഗവും മെറ്റയോട് വിശദീകരണം തേടിയിരുന്നു. അന്ന് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്നും മന:പൂർവ്വമല്ലെന്നുമുള്ള വിശദീകരണമാണ് മെറ്റ നൽകിയത്. പ്രധാനമന്ത്രിയുടേയും കേന്ദ്രധനമന്ത്രിയുടേയും ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചതായി പരാതി ഉയർന്നിരുന്നു.ഇത് തടയാൻ എ.ഐ. ടൂളുകൾ ഉപയോഗിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റുകൾ പരിശോധിക്കാൻ സംവിധാനമൊരുക്കിയിരുന്നു. അതിലെ പിഴവ് മൂലമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെ മറ്റു ചില മുഖ്യമന്ത്രിമാരുടേയും കേന്ദ്രമന്ത്രിമാരുടേയും ഫെയ്സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ അന്ന് വിശദീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: META
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA