SignIn
Kerala Kaumudi Online
Thursday, 18 June 2026 8.11 AM IST

തുടർനടപടി രേഖകൾ  പരിശോധിച്ചശേഷം; മാസപ്പടിക്കേസിൽ എസ്എഫ്ഐഒ ശേഖരിച്ച രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും

veena

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വൃത്തങ്ങൾ. സിഎംആർഎൽ കമ്പനിയുമായുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകളിൽ എക്‌സാലോജിക് സൊല്യൂഷൻസ് ഉടമ കൂടിയായ വീണയെ ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു. കമ്പനിയുടെ കരാർ രേകഖൾ വീണ ഇഡിക്ക് കെെമാറിയെന്നാണ് സൂചന. മറ്റൊരു കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച് 134 രേഖകളും ഇന്ന് ഇഡിക്ക് കെെമാറിയേക്കും.

സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപ പ്രതിഫലം കൈപ്പറ്റിയത് സോഫ്‌റ്റ്‌വെയർ പരിപാലന സേവനങ്ങൾ നൽകിയതിനാണെന്ന് വീണ മറുപടി നൽകിയെന്നാണ് സൂചന. കമ്പനി പൂട്ടിയതിനാൽ സേവനങ്ങളുടെ വിശദാംശങ്ങളോ തെളിവുകളോ കൈവശമില്ലെന്നും പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളിൽ എവിടെ നിന്നെല്ലാം പണം ലഭിച്ചു, എങ്ങനെ ചെലവഴിച്ചു തുടങ്ങിയവയിൽ വിശദീകരണം ആവശ്യപ്പെട്ടു. പലതിനും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇഡിയുടെ രണ്ടാമത്തെ സമൻസിൽ ഇന്നലെ രാവിലെ 10.26നാണ് വീണ കടവന്ത്രയിലെ ഓഫീസിൽ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസ് എംഎൽഎ ഒപ്പമെത്തിയെങ്കിലും വീണയെ മാത്രമാണ് അകത്തേക്കു പ്രവേശിപ്പിച്ചത്.

സുദീർഘമായ അന്വേഷണം, നൂറുകണക്കിന് രേഖകളുടെ പരിശോധന എന്നിവയുടെ പിൻബലത്തോടെയും ശക്തമായ മുന്നൊരുക്കത്തോടെയുമാണ് വീണയെ ഇഡി ചോദ്യം ചെയ്‌തത്. എക്‌സാലോജിക് സൊല്യൂഷൻസിന്റെ ഇടപാടുകൾ മുതൽ വീണയുടെ സ്വത്തുവിവരം വരെ ഇഡി ശേഖരിച്ചിരുന്നു. കൊച്ചിയിൽ സി.എം.ആർ.എല്ലിന്റെ 2013-18 കാലയളവിലെ സാമ്പത്തിക ഇടപാടുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നിന്നാണ് തുടക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONTHLY PAY OFF CASE, VEENA T
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA