SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.18 AM IST

 തൃക്കാക്കര മോർഫിംഗ് കേസ് ചിത്രം വിൽക്കാൻ 'മല്ലുപ്രീമിയം' ഗ്രൂപ്പ്; അംഗത്വ ഫീസ് 250

READ ENGLISH VERSION
1

കൊച്ചി: തൃക്കാക്കര മോർഫിംഗ് കേസിലെ പ്രതികൾ പണം സമ്പാദിക്കാനായി ടെലഗ്രാമിൽ 'മല്ലുപ്രീമിയം" എന്ന പെയ്ഡ് ഗ്രൂപ്പ് നിർമ്മിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സഹപാഠികളുടെയും അദ്ധ്യാപകരുടെയും മോർഫ് ചെയ്ത ചിത്രങ്ങളാണ് ഗ്രൂപ്പിലൂടെ വിറ്റത്. കഴിഞ്ഞദിവസം പിടിയിലായ മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് വിദ്യാർത്ഥി സനീഷ് മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒന്നാം പ്രതിയായ തൃക്കാക്കര ഭാരത മാതാ കോളേജ് വിദ്യാർത്ഥി എസ്.ശ്രീഹരി മോർഫ് ചെയ്ത ചിത്രങ്ങൾ സനീഷ്, ഗ്രൂപ്പ് വഴി വിൽക്കും. 1,500ഓളം പേരുള്ള ഗ്രൂപ്പിൽ ചിത്രങ്ങൾ പങ്കുവച്ച ശേഷം, കൂടുതൽ ദൃശ്യങ്ങൾക്കായി പണം നൽകണമെന്ന് ആവശ്യപ്പെട്ട് പരസ്യം നൽകും. 250 രൂപയാണ് അംഗത്വ ഫീസ്. പണം ഈടാക്കാൻ സനീഷ് ഉപയോഗിച്ച ക്യു.ആർ കോഡും മറ്റ് ഡിജിറ്റൽ തെളിവും കണ്ടെടുത്തു. ശ്രീഹരിയും സനീഷും ടെലഗ്രാം വഴിയാണ് ബന്ധപ്പെട്ടിരുന്നത്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഫോണുകൾ ശാസ്ത്രീയ പരിശോധനയ്‌ക്കായി ഫോറൻസിക് ലാബിലേക്കയച്ചു. മറ്റ് ജില്ലകളിലേക്കും ഈ ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിച്ചിട്ടുണ്ടെന്നാണ് അനുമാനം. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും.

പ്രതികൾക്കെതിരെ പോക്‌സോയും

മോർഫിംഗ് കേസിൽ അറസ്റ്റിലായ എസ്.ശ്രീഹരിക്കും സനീഷിനുമെതിരെ പോക്സോ കേസെടുത്തു. ഇരുവരുടെയും ഫോണുകളിൽനിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇവർക്ക് പിന്നിൽ വലിയ സംഘമുണ്ടോയെന്ന് സൈബർ വിദഗ്‌ദ്ധരുടെ സഹായത്തോടെ അന്വേഷിക്കുന്നുണ്ട്.

പെൺകുട്ടികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിലൂടെ പ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.


- കാളിരാജ് മഹേഷ് കുമാർ
കമ്മിഷണർ, കൊച്ചി സിറ്റി പൊലീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MORFING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA