
ന്യൂഡൽഹി:മഹാരാഷ്ട്രയിലെ സിന്നർ പദ്ധതിയിൽ നിന്ന് കേരളത്തിന് 300 മെഗാവാട്ട് വരെ വൈദ്യുതി യൂണിറ്റിന് 5.18 രൂപ നിരക്കിൽ കിട്ടാൻ എൻ.ടി.പി.സിയുമായി ധാരണ.
കായംകുളത്ത് എൻ.ടി.പി.സിയുടെ സ്വന്തം സ്ഥലത്ത് 2000 മെഗാവാട്ട്/ മണിക്കൂർ ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കാനും ധാരണയായി. ബാറ്ററി സംഭരണ പദ്ധതിക്കായി കെ.എസ്.ഇ.ബി, എൻ.ടി.പി.സി, എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവ ധാരണാപത്രം ഒപ്പിടും. പ്രവർത്തനമില്ലാത്ത കായംകുളം താപനിലയത്തിന്റെ സ്ഥലത്താണ് പദ്ധതി പരിഗണിക്കുന്നത്. പകൽ ലഭിക്കുന്ന അധിക വൈദ്യുതി സംഭരിച്ച് രാത്രി ഉപയോഗിക്കാൻ കഴിയും. കേരളത്തിൽ വരുന്ന ഏഴാമത്തെ സ്റ്റോറേജ് സംവിധാനമാണിത്. ഏറ്റവും ശേഷി കൂടിയതും ഇതാവും.
രാമഗുണ്ടം നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനും എൻ.ടി.പി.സി സന്നദ്ധത അറിയിച്ചു. ഇതിനായി കേരളവുമായി വൈദ്യുതി വാങ്ങൽ കരാർ ഒപ്പിടും. ദീർഘകാല ആവശ്യകത കണക്കിലെടുത്ത് കേരളത്തിൽ പ്രത്യേക വൈദ്യുതിനിലയം സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ എൻ.ടി.പി.സിയോട് ആവശ്യപ്പെട്ടു.
കായംകുളത്തെ എൻ.ടി.പി.സിയുടെ 27 മെഗാവാട്ട് സൗരോർജ പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. പോത്തൻകോടും ശ്രീകണ്ഠപുരത്തും നടപ്പാക്കുന്ന ബാറ്ററി സംഭരണ പദ്ധതികൾ 2027 മാർച്ചോടെ കമ്മിഷൻ ചെയ്യും.
മുഖ്യമന്ത്രി വി.ഡി. സതീശൻ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ എൻ.ടി.പി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗുർദീപ് സിംഗുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |