SignIn
Kerala Kaumudi Online
Saturday, 16 May 2026 12.03 AM IST

ഒരുവശത്ത് വസ്ത്രമഴിച്ച് പരിശോധന, മറുവശത്ത് ചോദ്യം കരിഞ്ചന്തയിൽ

p

തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും ഒഴിവാക്കാൻ വസ്ത്രമഴിച്ചുള്ള പരിശോധന പോലുമുണ്ടായിട്ടുണ്ട്. കൊല്ലത്തും കണ്ണൂരിലുമാണ് ഏതാനും വർഷം മുൻപ് വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചത്. ദേഹപരിശോധന നടത്തിയവർക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബെൽറ്ര് ഉപയോഗിക്കരുത്, മെറ്റൽ ഭാഗങ്ങളുള്ള വസ്ത്രം ധരിക്കരുത്, കറുത്ത വസ്ത്രം പാടില്ല, അടിവസ്ത്രങ്ങളിൽ ലോഹഭാഗങ്ങൾ പാടില്ല തുടങ്ങിയ കർശന നിബന്ധനകളുമുണ്ട്. പരീക്ഷ തുടങ്ങി ആദ്യ ഒരു മണിക്കൂറോ തീരുന്നതിന് മുമ്പുള്ള അര മണിക്കൂറോ ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിക്കില്ല. ഇത്രയും സുരക്ഷയോടെ നടത്തുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർത്തുകയും കേരളത്തിലടക്കം ലക്ഷങ്ങളീടാക്കി വിറ്റഴിക്കുകയും ചെയ്തത്.

മെറ്റൽ ഡിറ്റക്ടർ, ബയോമെട്രിക് പരിശോധനകൾ നടത്തിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാഹാളിൽ കടത്തുക. ലളിതമായ വസ്ത്രമേ പാടുള്ളൂ. പെൺകുട്ടികൾക്ക് ഹാഫ് സ്ലീവ് ടോപ്പ്, കുർത്ത, ബോട്ടം, പാന്റ്സ് എന്നിവ ധരിക്കാം. ആൺകുട്ടികൾ ഹാഫ് സ്ലീവ് ഷർട്ടോ ടീ ഷർട്ടോ ധരിക്കണം. കറുത്ത ടോപ്പ് ധരിച്ചെത്തിയ പെൺകുട്ടിയെ ഇത്തവണയും പരീക്ഷാഹാളിൽ കടത്താതെ തടഞ്ഞിരുന്നു. ഒപ്പമെത്തിയ സഹോദരന്റെ ടീ ഷർട്ട് ധരിച്ചാണ് വിദ്യാർത്ഥിനി പരീക്ഷയെഴുതിയത്. പേന പോലും കൊണ്ടുപോകാൻ അനുവദിക്കില്ല. പേന ഹാളിൽ നൽകും. വാച്ച്, മൊബൈൽ ഫോൺ, പൗച്ച്, കാൽക്കുലേറ്റർ, ബോക്സ്, പേഴ്സ്, ആഭരണങ്ങൾ, തൊപ്പി, റൈറ്റിംഗ് പാഡ്, ലോഗരിതം ടേബിൾ, ഇറേസർ, ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഹാളിൽ പാടില്ല.

മൂന്നു മണിക്കൂർ പരീക്ഷയിൽ 180 ചോദ്യങ്ങളാണുള്ളത്. ഓരോന്നിനും നാല് ഓപ്ഷനുകളുമുണ്ട്. ശരിയുത്തരത്തിന് നാല് മാർക്കും തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാർക്കുമാണ്. ആകെ 720മാർക്കാണ്. ഒരു ചോദ്യത്തിന് ശരാശരി ഒരു മിനിറ്റേ ലഭിക്കൂ. തിരുത്താൻ കഴിയില്ലെന്നതിനാൽ ശരിയുത്തരം കൃത്യമായി ഉറപ്പിച്ച് മാത്രം നൽകേണ്ടിവരും. ഇത്തവണ പരീക്ഷ എളുപ്പമായിരുന്നതിനാൽ വിദ്യാർത്ഥികളെല്ലാം മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നു. അപ്പോഴാണ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA