
ന്യൂഡൽഹി: കേന്ദ്രസർക്കാരിലെയോ ദേശീയ പരീക്ഷാ ഏജൻസിയായ എൻ.ടി.എയിലെയോ ഉദ്യോഗസ്ഥരെ പ്രതികളാക്കാതെ നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ചാ കേസിൽ അന്തിമകുറ്റപത്രം സമർപ്പിക്കാനൊരുങ്ങി സി.ബി.ഐ. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തി രണ്ടാമത്തെയും അവസാനത്തെയും കുറ്റപത്രമാണ് ഡൽഹി റോസ് അവന്യു കോടതിയിൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കുക. ഉദ്യോഗസ്ഥരാരും പ്രതികളാക്കാൻ സാദ്ധ്യതയില്ലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
എൻ.ടി.എയ്ക്കായി ചോദ്യപേപ്പർ തയ്യാറാക്കിയ വിഷയ വിദഗ്ദ്ധർ, കോച്ചിംഗ് സ്ഥാപനങ്ങളുമായി ബന്ധമുള്ളവർ, ഇടനിലക്കാർ, പരീക്ഷാർത്ഥികൾ എന്നിങ്ങനെ ആദ്യകുറ്റപത്രത്തിൽ 13 പേരെയാണ് പ്രതികളാക്കിയത്. ഇവരുടെ പങ്കാളിത്തം സംബന്ധിച്ച തെളിവ് ലഭിച്ചതായാണ് കണ്ടെത്തൽ. മൂന്ന് എൻ.ടി.എ വിഷയ വിദഗ്ദ്ധർ ഉൾപ്പെടെ 13 പേരെ ജൂലായിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളാക്കിയിരുന്നു. 360 സാക്ഷികൾ, 422 രേഖകൾ, 43 തെളിവുകൾ എന്നിവയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. ഡിജിറ്റൽ പരിശോധന, കൈയക്ഷര പരിശോധന, ചോദ്യങ്ങളുടെ അക്കാഡമിക് പരിശോധന എന്നിവയിലൂടെയും തെളിവ് ശേഖരിച്ചു.
വീഴ്ചയെങ്കിലും പ്രതിയല്ല
ചോർച്ചയ്ക്ക് ഇടയാക്കിയ എൻ.ടി.എ സംവിധാനത്തിലെ വീഴ്ചകളും സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാൽ ഉത്തരവാദികളായ എൻ.ടി.എ ഉദ്യോഗസ്ഥരെ പ്രതികളാക്കുന്ന നിലയിലേക്ക് അന്വേഷണമെത്തിയില്ല. ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി ജൂൺ 21ന് പുനഃപരീക്ഷ നടത്തി. കേസിൽ അറസ്റ്റിലായവരിൽ നിന്ന് ചോർത്തിയ ചോദ്യങ്ങൾ പരീക്ഷാർത്ഥികളിലേക്ക് എത്തിയ വഴിയും പണമിടപാടും സി.ബി.ഐ പരിശോധിച്ചു. അന്തിമ കുറ്റപത്രത്തിൽ ശേഷിക്കുന്ന അന്വേഷണ കണ്ടെത്തലും പിന്നീട് അറസ്റ്റിലായവരുടെ പങ്കും ഉൾപ്പെടുത്തിയേക്കും.
എൻ.ടി.എ സംവിധാനത്തിലെ വീഴ്ചകൾ
1. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ദ്ധർക്ക് ആവശ്യത്തിലധികം പ്രവേശന സൗകര്യം ലഭിച്ചു.
2. രഹസ്യവിഭാഗത്തിൽ നിന്ന് പുറത്തുവരുമ്പോൾ പരിശോധന ഉണ്ടായിരുന്നില്ല
3. സി.സി.ടി.വി ദൃശ്യങ്ങൾ പരിമിതകാലം മാത്രമേ സൂക്ഷിച്ചിരുന്നുള്ളൂ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |