SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.54 AM IST

അപൂർവം,​ സമർപ്പിത ജീവിതം

oommenchandy

​​​​​​നിയമസഭയിൽ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുക, അതും ഒരേ മണ്ഡലത്തിൽ നിന്ന് പരാജയമറിയാതെ! ഇതെല്ലാം ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാദ്ധ്യമായ കാര്യങ്ങളാണ്. അവരുടെ നിരയിലാണ് ഉമ്മൻചാണ്ടിയുമുള്ളത്. ഒരുപക്ഷേ കെ.എം. മാണി മാത്രമായിരിക്കും ഈ അപൂർവതയിൽ ഉമ്മൻചാണ്ടിയെ കടന്നുനിൽക്കുന്നത്.

കെ.ആർ. ഗൗരിഅമ്മ അടക്കം ഒന്നാം നിയമസഭ മുതൽ സഭയിലുണ്ടായിരുന്നിട്ടുള്ളവരുണ്ട്. സാമാജികത്വത്തിന്റെ സുദീർഘമായ ചരിത്രമുള്ളവരുണ്ട്. എന്നാൽ അവർക്കൊന്നും വിജയത്തിന്റേതു മാത്രമായ ചരിത്രം അവകാശപ്പെടാനില്ല. ആദ്യം ജയിച്ചതു മുതൽ എല്ലാ സഭകളിലുമുണ്ടാവുക എന്ന ചരിത്രവുമില്ല.


1970ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ ഞാൻ മിക്കവാറും വർഷങ്ങളിൽ സഭയ്ക്കു പുറത്തെ പൊതുപ്രവർത്തന രംഗത്തായിരുന്നു; ഇടയ്‌ക്കൊക്കെ സഭയിലും. എന്നാൽ ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് സഭാംഗമായി തുടർന്നു. കെ. കരുണാകരനും എ.കെ. ആന്റണിയും അടക്കമുള്ള പല കോൺഗ്രസ് നേതാക്കളും പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. എന്നാൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു.


നിരവധി യുവാക്കൾ നിയമസഭയിലെത്തി എന്ന പ്രത്യേകത കൊണ്ട് എഴുപതുകളുടെ തുടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റൊരാൾക്കും സാദ്ധ്യമാകാത്ത നേട്ടം ഉമ്മൻചാണ്ടിക്കുണ്ടായി. മൂന്നുവട്ടം മന്ത്രിയായി. രണ്ടു തവണ മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു.


ജീവിതം രാഷ്ട്രീയത്തിനായി സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം. 1970 മുതലിങ്ങോട്ട് കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിദ്ധ്യമാണ് ഉമ്മൻചാണ്ടി. കോൺഗ്രസ് രാഷ്‌ട്രീയത്തിന്റെ അരനൂറ്റാണ്ടത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ ഉമ്മൻചാണ്ടിയുടെ പങ്ക് എന്നും ശ്രദ്ധേയമാണ്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിർണയ കാര്യങ്ങളിലടക്കം നിർണായകമാം വിധം ഇടപെട്ടിട്ടുള്ള ഉമ്മൻചാണ്ടി, കെ. കരുണാകരനും എ.കെ. ആന്റണിയും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസിൽ പ്രധാനിയായി നിന്നു.

കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചു. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ദേശീയ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാട്ടാതിരുന്ന ഉമ്മൻചാണ്ടി സംസ്ഥാന കോൺഗ്രസിലെ പല നിർണായക ഘട്ടങ്ങളിലും സ്വന്തം നിലപാടുകൊണ്ട് ശ്രദ്ധേയനായി. ഊണിനോ ഉറക്കത്തിനോ ആരോഗ്യത്തിനോ പ്രാധാന്യം കല്പിക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. ഉമ്മൻചാണ്ടി നിയമസഭാ ജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന് ഞാൻ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA