SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.28 AM IST

പിന്നാക്ക വിഭാഗ സർവേ: നടപടികൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

a

കൊച്ചി: സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ജാതി സർവേ നടത്തുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നാലാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറി ഡോ. വീണ എൻ. മാധവനുള്ള നിർദ്ദേശം. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് ചെയർമാൻ വി.കെ. ബീരാന്റെ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

കോടതി നിർദ്ദേശപ്രകാരം പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ ഡി. രഞ്ജിത്ത് നേരിട്ട് ഹാജരായിരുന്നു. പിന്നാക്ക വിഭാഗ പട്ടിക പരിഷ്കരിക്കാനോ സർവേ നടത്താനോ ഡയറക്ടർക്ക് സ്വതന്ത്ര അധികാരമില്ലെന്നും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. തുടർന്നാണ് വകുപ്പു സെക്രട്ടറിയെ കക്ഷി ചേർത്തത്.

തെലങ്കാന മാതൃകയിൽ വീടുവീടാന്തരമുള്ള സമഗ്ര സർവേ കേരളത്തിലും പരിഗണിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ തെലങ്കാന സർക്കാരിന്റെ ഉത്തരവ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ അഡിഷണൽ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഹർജി നവംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.

പൊതുസർവീസുകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലാത്തതും 1993-ലെ കേരള സംസ്ഥാന പിന്നാക്ക വിഭാഗ നിയമപ്രകാരം സർവേ നടത്താൻ നടപടിയില്ലാത്തതും ചൂണ്ടിക്കാട്ടിയാണ് ഹർജി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA