
തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലുള്ളതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ബോധപൂർവം തെറ്റിദ്ധാരണ പരത്താനും മുൻ സർക്കാരിനെ താറടിക്കാനുമാണ് ശ്രമം. എ.കെ.ജി പഠനഗവേഷണ കേന്ദ്രം തയ്യാറാക്കിയ 'വസ്തുതകളുടെ ധവളപത്രം" സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തുവർഷം എൽ.ഡി.എഫ് ഭരണം നടത്തിയപ്പോൾ സംസ്ഥാനത്തിന്റെ ബാദ്ധ്യത അനിയന്ത്രിതമായി ഉയർന്നുവെന്ന കള്ളം പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് സർക്കാർ. 2011-16ലെ യു.ഡി.എഫ് കാലത്ത് സംസ്ഥാനത്തിന്റെ കടബാദ്ധ്യത 1.93 മടങ്ങാണ് വർദ്ധിച്ചത്. 2016-21 കാലത്ത് 1.85 മടങ്ങായും 2021-26ൽ ഇത് 1.6 മടങ്ങായും കുറഞ്ഞു. കടബാദ്ധ്യതയും ആഭ്യന്തരവരുമാനവും തമ്മിലുള്ള അനുപാതം കൊവിഡിന് ശേഷം 34 ശതമാനമായി കുറഞ്ഞു. ഇതു മറച്ചുവച്ച് 5 ലക്ഷം കോടിയിൽപ്പരം കടമുണ്ടെന്ന് പ്രചരിപ്പിക്കുന്നെന്നും പിണറായി പറഞ്ഞു. എല്ലാമേഖലയിലും പുതിയ സർക്കാർ പണം വെട്ടിക്കുറയ്ക്കുകയാണെന്നും തദ്ദേശഭരണസ്ഥാപനങ്ങൾക്ക് പണം നൽകിയിട്ടേയില്ലെന്നും മുൻധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 6,300 കോടി ഖജനാവിലുണ്ട്. സ്പിൽ ഓവറായി നൽകേണ്ട തുകയും ഈ വർഷം ആദ്യം നൽകേണ്ട ഗഡുവും പഞ്ചായത്തുകൾക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയിലും നുണപ്രചരണമെന്ന്
തിരുവനന്തപുരം: കിഫ്ബിക്കെതിരെ സർക്കാർ ധവളപത്രത്തിൽ പറയുന്ന കാര്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകാൻ ശ്രമിച്ച് ധവളപത്രം. സർക്കാരിന്റെ ധവളപത്രത്തിൽ കേന്ദ്രനിലപാടിനെ കുറ്റപ്പെടുത്തുന്നില്ലെന്ന ആരോപണമാണ് കാര്യമായി ഉന്നയിച്ചത്. എന്നാൽ കിഫ്ബി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന ആരോപണം തള്ളി. ബഡ്ജറ്റ് എസ്റ്റിമേറ്റിൽ പെടുത്തുന്നില്ല, വാഹന നികുതി ക്രമരഹിതമായി കിഫ്ബിക്ക് വകയിരുത്തുന്നു തുടങ്ങിയ ആരോപണങ്ങളെ ന്യായീകരിച്ചു. മസാല ബോണ്ടും കൂടിയ പലിശയ്ക്ക് വായ്പയെടുത്ത് കുറഞ്ഞ പലിശയ്ക്ക് ബാങ്കിലിടുന്നു തുടങ്ങിയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |