SignIn
Kerala Kaumudi Online
Saturday, 23 May 2026 10.24 PM IST

ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്‌ണുത; കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ചതിനെതിരെ പിണറായി വിജയൻ

pinarayi-vijayan

തിരുവനന്തപുരം: 'കോക്രോച്ച് ജനതാ പാർട്ടി' എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ബിജെപിയുടെ പ്രചാരണ സംവിധാനങ്ങളെക്കാൾ വേഗത്തിലാണ് ഈ പ്ലാറ്റ്‌ഫോമിന് ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ തൊഴിലില്ലായ്മയും അവഗണനയും നേരിടുന്ന യുവാക്കൾ പ്രതിഷേധത്തിലേക്ക് ആകർഷിക്കപ്പെടുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അമർഷത്തിന്റെ തെളിവാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോക്രോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത് ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്‌ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹികരാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.

'പാറ്റകൾ' എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിൽ കാണാവുന്നതാണ്. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.

ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ്. കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN, CJP, BJP, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA