കാളികാവ്: കരുവാരകുണ്ട് പാന്ത്ര മദാരി എസ്റ്റേറ്റിൽ വീണ്ടും കടുവ. തൊഴിലാളികൾ ഭീതിയിൽ. എസ്റ്റേറ്റിലെ തൊഴിലാളിയായ ചെറുമല അബു റബർ തൈ നടുന്നതിനായി പോയപ്പോഴാണ് കടുവയുടെ മുന്നിൽ പെട്ടത്. അബുവിനെ കണ്ട കടുവ എസ്റ്റേറ്റിന്റെ മുകൾഭാഗത്തേക്ക് കയറിപ്പോയതായി അബു പറഞ്ഞു. സംഭവത്തിനു ശേഷം വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാമറ സ്ഥാപിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് കടുവയെ കണ്ടത്. ഒരാഴ്ച മുമ്പും ഇതേ സ്ഥലത്ത് കടുവയെ കണ്ടതായി തൊഴിലാളികൾ പറയുന്നു. എസ്റ്റേറ്റിന്റെ പ്രവർത്തനം അവതാളത്തിലാകുമെന്ന് കരുതി പുറത്ത് പറഞ്ഞില്ല.
രണ്ടു മാസം മുമ്പ് കേരള എസ്റ്റേറ്റ് സി ഡിവിഷനിലെ കുനിയൻമാടിലും കടുവയെ തൊഴിലാളികൾ കണ്ടിരുന്നു.ജാർഖണ്ഡ് സ്വദേശി നവീൻ, ഒഡിഷ സ്വദേശി മോഹൻ എന്നിവരാണ് അന്ന് കടുവയുടെ മുന്നിൽ പെട്ടത്.
പുലർച്ചെ റബർ ടാപ്പിംഗിനെത്തിയ പത്തോളം തൊഴിലാളികളാണ് അന്ന് കടുവയെ കണ്ടതായി സ്ഥിരീകരിച്ചത്. രണ്ടു തൊഴിലാളികൾ കടുവയുടെ മുന്നിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കടുത്ത കടുവാ ഭീതിയിലായ മലയോരത്ത് റബർ ടാപ്പിംഗിന് ആളെ കിട്ടാതെ തോട്ടം ഉടമകൾ പ്രതിസന്ധിയിലാണ്. അതിഥി തൊഴിലാളികളാണ് ഇപ്പോൾ മിക്ക തോട്ടങ്ങളിലും ജോലിചെയ്യുന്നത്. നേരത്തെ കടുവയുടെ സാന്നിദ്ധ്യം സ്ഥിരമായി ഉണ്ടായിരുന്ന സി വൺ എസ്റ്റേറ്റിലാണ് ഇപ്പോൾ വീണ്ടും കടുവയെ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |