SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.27 AM IST

ശബരിമല തീർത്ഥാടനം: വഴിപാട് സാധനങ്ങൾക്ക് ടെൻഡറിനും ഒരുക്കമില്ല

1

തിരുവനന്തപുരം: ശബരിമല മണ്ഡലം-മകര വിളക്ക് തീർത്ഥാടനം തുടങ്ങാൻ മൂന്ന് മാസം മാത്രമുള്ളപ്പോഴും, അപ്പം, അരവണ നിർമ്മാണത്തിനുള്ള സാധനങ്ങൾക്ക് ടെൻഡർ വിളിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2025ൽ ജൂൺ4നും 5നും ടെൻഡർ ക്ഷണിച്ചിരുന്നു. ശബരിമല തീർത്ഥാടന കാലത്തേക്ക് അപ്പം, അരവണ നിർമ്മാണത്തിനാവശ്യമായ ഏലക്ക, ഉണക്കലരി, ശർക്കര, അരവണ കാൻ, വഴിപാട് സാധനങ്ങൾ ഉൾപ്പെടെയുള്ള ഇനങ്ങൾക്കാണ് ടെൻഡർ ക്ഷണിക്കാനുള്ളത്. ടെൻഡർ ക്ഷണിച്ചാലേ സാധനങ്ങളുടെ ഭക്ഷ്യ സുരക്ഷാ പരിശോധന ഉൾപ്പെടെ നടത്താനാകൂ. ടെൻഡറിൽ പങ്കെടുക്കുന്നവർ, അതിന്റെ സാമ്പിൾ നൽകും.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയോടെ തുടർനടപടികളിലേക്ക് കടക്കും. എട്ട് ലക്ഷം കിലോഗ്രാം ഉണക്കലരിയാണ് കഴിഞ്ഞ സീസണിൽ വാങ്ങിയത്. ടെൻഡറിൽ പങ്കെടുക്കുന്നവർക്ക് ഇത്രയധികം സാധനം നൽകാൻ കഴിയുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അരവണ വിതരണം ചെയ്യുന്ന കണ്ടയ്നർ കാനും ലിഡും പ്രത്യേകമായാണ് ടെൻഡർ വിളിക്കുക. കരാറെടുക്കുന്നവർ ഇത് ചൈനയിൽ നിന്നുൾപ്പെടെ ഇറക്കുമതി ചെയ്താണ് ബോർഡിന് നൽകുന്നത്. ഷിപ്പിംഗിന് ഉൾപ്പെടെ സമയമെടുക്കും.

 ബോർഡിന് മന്ത്രിയുടെ കത്ത്

ഈ തീർത്ഥാടന കാലത്തേക്ക് ആവശ്യമായ സാധനങ്ങളുടെ ടെൻഡർ നടപടികൾ ഉടൻ തുടങ്ങാൻ ദേവസ്വം മന്ത്രി കെ.മുരളീധരൻ ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന് കത്ത് നൽകി. ഡിസംബറിന് മുമ്പ് വഴിപാടിനുള്ള പ്രസാദം തയ്യാറാക്കാനാവശ്യമായ സാധനങ്ങളുടെ 75 ശതമാനമെങ്കിലും സ്‌റ്റോക്ക് ചെയ്യണം. സീസൺ കാലത്ത് പ്രസാദക്ഷാമം ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA