
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ചുകളും സീറ്റുകളും വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം അനുവദിച്ച 313 താൽക്കാലിക ബാച്ചുകൾ തുടരും. പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് കഴിഞ്ഞ വർഷത്തെപ്പോലെ സീറ്റുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
പ്രതിസന്ധി കൂടുതലുള്ള തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും ഹയർ സെക്കൻഡറിക്ക് 30 ശതമാനം മാർജിനൽ സീറ്റ് വർദ്ധന വരുത്തി. അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാത്ത തരത്തിലാണിത്. ഈ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിൽ പ്ലസ് വണ്ണിന് 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധന വരുത്തിയിട്ടുണ്ട്.
ഇതിനു പുറമെ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം മാർജിനൽ സീറ്റ് വർദ്ധന അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി. കൊല്ലം, തൃശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധന അനുവദിച്ചു.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധന അനുവദിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകൾ ഒഴികെ മറ്റ് അഞ്ച് താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വർദ്ധനയും വരുത്തി.
പ്ലസ് വൺ അപേക്ഷ
ജൂൺ 3 വരെ
പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങി. ജൂൺ 3വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസിന് സർക്കാർ അംഗീകാരം നൽകി. ജൂൺ 8ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ജൂൺ 15ന് ആദ്യ അലോട്ട്‌മെന്റും. ജൂലായ് ഒന്നിന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. ജൂലായ് രണ്ടുമുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
ജൂലായ് 13 മുതൽ ഓഗസ്റ്റ് 5 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ പ്രസിദ്ധീകരിക്കും. ജൂലായ് അഞ്ചിന് പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ അവസാനിപ്പിക്കും. സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് ജൂൺ 10മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. 18നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
എല്ലാ സ്കൂളുകളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് താമസസ്ഥലത്തിന് സമീപമുള്ള സ്കൂളുകളിലെ ഹെൽപ്പ് ഡെസ്‌കിലൂടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |