SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

പോക്സോ നിയമം പാഠ്യവിഷയം; ഉൾപ്പെടുത്തിയത് ഏഴാം ക്ളാസിൽ

READ ENGLISH VERSION

text-book

# പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം

# 5 മുതൽ 10 വരെ ക്ളാസിൽ തൊഴിൽ വിദ്യാഭ്യാസം

# ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്

ക്ളാസുകളിലെ പുസ്തകങ്ങൾ ആദ്യം മാറും

തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ പോക്സോ നിയമം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. കുട്ടികൾക്കെതിരായ പീഡനങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണിത്. ഏഴാം ക്ളാസിലെ സോഷ്യൽ സയൻസിലാണ് ഇതു പഠിപ്പിക്കുന്നത്. അതിനടുത്ത വർഷം മാറുന്ന എട്ടാം ക്ളാസിലെ സോഷ്യൽ സയൻസിലും ഉൾപ്പെടുത്തും.

ഭരണഘടനയുടെ ആമുഖം എല്ലാ പാഠപുസ്തകങ്ങളിലും ഉൾപ്പെടുത്താനും തീരുമാനിച്ചു.

അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ തൊഴിൽ വിദ്യാഭ്യാസവും ഉൾപ്പെടുത്തി പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളാണ് അടുത്ത അദ്ധ്യയന വർഷം മാറുന്നത്. നാല്, ആറ്, എട്ട്, പത്ത് ക്ളാസുകളിലെ മാറ്റം തൊട്ടടുത്ത വർഷം ആയിരിക്കും.

173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒന്നാം ക്ലാസിലെ എല്ലാ പുസ്തകങ്ങൾക്കും ആക്ടിവിറ്റി ബുക്കുണ്ട്.

അദ്ധ്യാപകർക്കുള്ള പുസ്തകങ്ങൾ തയ്യാറാക്കുന്നുണ്ട്. രാജ്യത്താദ്യമായി രക്ഷാകർത്താക്കൾക്കായും പുസ്തകങ്ങൾ തയ്യാറാക്കുകയാണ്. കുട്ടികളുടെ കാര്യത്തിൽ അവർക്കുള്ള മാർഗനിർദേശങ്ങളായിരിക്കും ഉള്ളടക്കം.

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങൾ.

സ്‌കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് പുതിയ പാഠപുസ്തകങ്ങൾ ലഭ്യമാക്കുമെന്നും അദ്ധ്യയന ദിനങ്ങൾ കൂട്ടുന്നത് അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

#ടൂറിസം, കൃഷി, ഐ.ടി

1. ടൂറിസം, കൃഷി, ഐ.ടി, ടെക്‌സ്റ്റൈൽ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുന്നതാണ് തൊഴിൽ വിദ്യാഭ്യാസം. കലാവിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള പാഠപുസ്തകങ്ങളും ആദ്യമായാണ്.

2. കായികരംഗം, മാലിന്യപ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിറുത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിഷ്കരണം 16 വർഷത്തിനുശേഷം

2007 ലാണ് ഇതിനുമുമ്പ് സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണം നടത്തിയത്.പരിഷ്കരണത്തിന്റെ ഭാഗമായി സ്‌കൂൾ, ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ, ബ്ലോക്ക്, ജില്ലാപ്പഞ്ചായത്ത് തലങ്ങളിൽ വിപുലമായ സംഘാടകസമിതി രൂപീകരിച്ച് ചർച്ചകൾ നടത്തി. 25 ലക്ഷത്തിലധികം കുട്ടികളുടെ അഭിപ്രായങ്ങളും ശേഖരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEXT BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA