SignIn
Kerala Kaumudi Online
Sunday, 14 June 2026 3.42 AM IST

തിരിച്ചുവരില്ലെന്ന് കരുതിയോ നീ? പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ചു, രാഷ്ട്രീയ വൈരാഗ്യമെന്ന് റിപ്പോര്‍ട്ട്

READ ENGLISH VERSION
crime

കൊല്ലം: പൊലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് തീയിട്ട് കത്തിച്ച് നശിപ്പിച്ചു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. സംഭവത്തിന് പിന്നാലെ വിവേകിന് ഭീഷണിക്കത്തും ലഭിച്ചുവെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചനയെന്നും പൊലീസ് പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് പുനലൂരിലെ കോളേജില്‍ എസ്എഫ്‌ഐ - കെഎസ്‌യു സംഘര്‍ഷത്തെ തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടന്നിരുന്നു. അന്ന് വിവേകും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പൊലീസ് നടപടിയില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഈ വിഷയത്തിലെ പകയാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് സൂചന. വിവേകും മാതാപിതാക്കളും വീട്ടിലുള്ളപ്പോഴാണ് ആക്രമണം നടന്നത്. ബൈക്ക് കത്തുന്നത് കണ്ട് ഇവര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും അക്രമി വീടിന് പുറത്ത് ഒഴിച്ച കരിഓയിലില്‍ തെന്നി വീഴുകയും പരിക്കേല്‍ക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് മുന്നില്‍ നിന്ന് മൂന്ന് പേജുള്ള ഭീഷണിക്കത്ത് ലഭിച്ചത്.

മൂന്ന് വര്‍ഷങ്ങളായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇനി ഞങ്ങള്‍ തിരിച്ചുവരില്ലെന്ന് നീ കരുതിയോ എന്നുമാണ് കത്തിലെ പരാമര്‍ശങ്ങള്‍. സംഭവത്തില്‍ പുനലൂര്‍ ഡിവൈ.എസ്.പി. ഡോ. അപര്‍ണയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA