
തിരുവനന്തപുരം : പറവൂരിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിലെ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ അപമാനിച്ച കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 പ്രിയദർശിനി ബസിലാണ് പെൺകുട്ടിക്ക് ദുരനുഭവമുണ്ടായത്. ശനിയാഴ്ചയാണ് സംഭവം. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയു ചെയ്‌തുവെന്ന് കാണിച്ച് പെൺകുട്ടി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെ കണ്ടാൽ പെണ്ണായി തോന്നുമോ എന്ന് കണ്ടക്ടർ യാത്രക്കാരോട് ചോദിക്കുകയും അവരുടെ മുന്നിൽവച്ച് അവഹേളിച്ചെന്നും വിദ്യാർത്ഥിനി പറയുന്നു. നാണക്കേടും മാനസിക ബുദ്ധിമുട്ടുണ്ടാക്കാനും ഇത് കാരണമായെന്നും അതിനാൽ നടപടിയെടുത്ത് തനിക്ക് നീതി ഉറപ്പാക്കണമെന്നും വിദ്യാർത്ഥിനി പരാതിയിൽ ആവശ്യപ്പെട്ടു. യാത്രക്കാരിൽ ചിലരും മോശമായി പെരുമാറിയെന്നും വിദ്യാർത്ഥിനി പറഞ്ഞു.
ഈ പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടർന്ന് സി.എം.ഡി ഡോ.പി.എസ് പ്രമോജ് ശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രമോജ് ശങ്കർ വ്യക്താക്കി. ബസിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദ്ദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണ്. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ ഗൗരവമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമനുസൃതമായ നടപടി ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |