
കോട്ടയം: കൈക്കൂലിപ്പണം സ്വീകരിക്കാൻ അസാം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട്. യു.പി.ഐ ഇടപാടിന് മറ്റൊരാളുടെ ഫോൺ നമ്പർ. വൈക്കം സി.ഐ ഷമീർഖാന്റെ ഓഫീസിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരുമാസം കൊണ്ട് എത്തിയ 2.28 ലക്ഷം രൂപ അതിവേഗം പിൻവലിച്ചതായും വ്യക്തമായി. മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് ഷമീർഖാനെതിരെ റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടിപ്പർ ഉടമകളിൽ നിന്നും മണ്ണുമാഫിയകളിൽ നിന്നും കൈക്കൂലി വാങ്ങാനായി കഴിഞ്ഞമാസം അഞ്ചിനാണ് വൈക്കം കാനറാ ബാങ്കിൽ അസാം സ്വദേശിയുടെ ആധാറും പാൻകാർഡും ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങിയത്. അരുൺ എന്നയാളുടെ മൊബൈൽ നമ്പരാണ് നൽകിയത്. ഏഴുമുതൽ പണം അക്കൗണ്ടിൽ വന്നു തുടങ്ങി. വൈക്കം, കുറവിലങ്ങാട് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതായിരുന്നു രീതി. ക്യാമറയിൽ കുടുങ്ങാതിരിക്കാൻ മാസ്കും ഹെൽമറ്റും ധരിച്ചാണ് എത്തിയിരുന്നത്. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങളും വിജിലൻസ് ശേഖരിച്ചു. ബാങ്കിലും തെളിവെടുപ്പ് നടത്തി. സിം കാർഡുള്ള ഫോണും എ.ടി.എം കാർഡും വിജിലൻസ് കണ്ടെടുത്തു.
കോട്ടയം വിജിലൻസ് സൂപ്രണ്ട് ബിനു.ആറിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി ടി.ആർ.പ്രദീപ്കുമാർ, ഇൻസ്പെക്ടർമാരായ സജു ടി.ദാസ്, അനിൽകുമാർ, രമേശ് കുമാർ, മനു വി.നായർ, എസ്.ഐമാരായ അനിൽ, രാജീവ്, എ.എസ്.ഐമാരായ രജീഷ്, അരുൺ ചന്ദ്, ഷൈജു കുരുവിള, പ്രദീപ്കുമാർ, രാജേഷ്, അനൂപ്.കെ.എ, ഗിരീഷ് കുമാർ, ജോഷി ഇഗ്നേഷ്യസ്, വി.ജാൻസി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |