SignIn
Kerala Kaumudi Online
Monday, 28 September 2026 6.10 PM IST

രമേഷ് പറഞ്ഞു, 'കാമറയെ സാക്ഷിയാക്കി മരിക്കണം"

ramesh-

തിരുവനന്തപുരം: 'അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ കാമറയ്‌ക്ക് മുന്നിൽ വീണു മരിക്കണം"- സുഹൃത്തുക്കളോട് പലപ്പോഴും പങ്കുവച്ച ഈ ആഗ്രഹം ബാക്കിവച്ചാണ് രമേശ് വലിയശാല വിധിയിൽ അലിഞ്ഞത്. എപ്പോഴും പൊട്ടിച്ചിരിച്ച് പോസിറ്റീവായി സംസാരിച്ചിരുന്ന രമേശ് മരണത്തിലേക്ക് നടന്നത് സീരിയൽ ലോകത്തിന് ഇനിയും വിശ്വസിക്കാനാവാത്ത ക്ലൈമാക്സാണ്.

'എസ്‌കേപ്പ്" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒന്നരയാഴ്‌ച മുമ്പ് രമേശിനൊപ്പം കളിച്ചുചിരിച്ച് ഒറ്റപ്പാലത്തേക്ക് പോയ ദിനേശ് പണിക്കർക്കും, രമേശ് അവസാനമായി അഭിനയിച്ച 'വരാൽ" സിനിമയിലെ അണിയറ പ്രവർത്തകരും നടുക്കത്തിലാണ്.

രവീന്ദ്രൻ നായരുടേയും രാധാദേവിയുടേയും മകനായി തിരുവനന്തപുരം തൈക്കാട് ജനിച്ച രമേശിന് നാടകത്തോടുള്ള അഭിനിവേശം സ്‌കൂൾ കാലത്തു തന്നെ തുടങ്ങിയിരുന്നു. മോഡൽ സ്‌കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി തട്ടിൽ കയറിയത്. ആർട്‌സ് കോളേജിൽ പ്രീഡിഗ്രി കഴിഞ്ഞ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നതോടെ അമച്വർ നാടകങ്ങളിലേക്ക് വഴിതിരിഞ്ഞു. സംവിധായകൻ ഡോ. ജനാർദ്ദനൻ അടക്കം വലിയൊരു സംഘം രമേശിനൊപ്പം നാടക സംഘത്തിലുണ്ടായിരുന്നു. അമച്വർ നാടകമത്സരത്തിന് വിജയിച്ചപ്പോൾ ലഭിച്ച 500 രൂപ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. നരേന്ദ്രപ്രസാദ്, മുരളി തുടങ്ങിയവർക്കൊപ്പം നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. പഠിക്കാനല്ല നാടക റിഹേഴ്‌സലിനായാണ് കോളേജിൽ പോയിരുന്നതെന്ന് രമേശ് പലതവണ പറഞ്ഞിട്ടുണ്ട്.

വയലാർ മാധവൻകുട്ടി സംവിധാനം ചെയ്‌ത നക്‌സലൈറ്റുകളുടെ കഥ പറഞ്ഞ 'ബലികുടീരങ്ങളുടെ പ്രണയസംഗീതത്തി"ലൂടെയാണ് രമേശ് സീരിയിൽ രംഗത്തേക്ക് കടന്നുവരുന്നത്. ആദ്യഷോട്ടിൽ തന്നെ രമേശ് തന്നെയും നായകനായ സിദ്ദിഖിനേയും ആശ്ചര്യപ്പെടുത്തിയെന്ന് മാധവൻകുട്ടി ഓർമ്മിക്കുന്നു. മമ്മൂട്ടി നിർമ്മിച്ച 'ജ്വാലയായ്" എന്ന മെഗാ സീരിയലിലെ അലക്‌സ് എന്ന കഥാപാത്രമാണ് രമേശിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. വീണ്ടും ജ്വാലയായ്, സ്വാതി നക്ഷത്രം ചോതി, വിവാഹിത, അലകൾ, പാടാത്ത പൈങ്കിളി, താമരത്തുമ്പി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിൽ പ്രധാന വേഷം ചെയ്‌തു.

രമേശ് ചെയ്‌ത പൊലീസ് വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അതോടെ സ്ഥിരം പൊലീസ് വേഷത്തിലേക്ക് വിളിയുമെത്തി. പൊലീസായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടത് കരിയറിനെ വലിയ തോതിൽ ബാധിച്ചിരുന്നുവെന്ന് രമേശ് പറഞ്ഞിരുന്നു. മകന്റെ വിവാഹം ഗംഭീരമായി നടത്തണമെന്ന് രമേശ് ആഗ്രഹിച്ചിരുന്നു. എന്നാൽ കൊവിഡ് കാരണം ഒരുതവണ മാറ്റിവച്ച വിവാഹം പിന്നീട് വേണ്ടപ്പെട്ടവരെ മാത്രം വിളിച്ച് ചെറിയരീതിയിലാണ് നടത്തിയത്. ഇതിൽ രമേശ് ദുഃഖിച്ചിരുന്നുവെന്ന് സഹപ്രവർത്തകനായ പൂജപ്പുര രാധാകൃഷ്‌ണൻ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH VALIYASALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA