SignIn
Kerala Kaumudi Online
Friday, 15 May 2026 9.42 PM IST

ഒന്നിലേക്കെത്തിയ വഴികൾ

s

ന്യൂഡൽഹി: എം.എൽ.എമാരുടെ പിന്തുണയും ഹൈക്കമാൻഡിന്റെ അനുഗ്രഹാശിസും ഉണ്ടായിട്ടും കെ.സിയെ പിന്തള്ളാൻ വി.ഡി. സതീശന് തുണയായത് ജനവികാരം. സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിം ലീഗിനെയും രാഹുൽ ഗാന്ധിക്ക് തള്ളാനായില്ല. വി.ഡിക്കനുകൂലമായ വയനാട് എം.പി പ്രിയങ്കയുടെ നിലപാടും സ്വാധീനിച്ചു.

ജനവികാരവും ഘടകകക്ഷികളുടെ ആഗ്രഹവും തള്ളിയാൽ തിരിച്ചടിയുണ്ടാകുമെന്ന് എ.കെ. ആന്റണി രാഹുലിനെ ഉപദേശിച്ചു. വി.എം.സുധീരൻ, കെ.മുരളീധരൻ എന്നിവരും ഇതേ അഭിപ്രായമാണറിയിച്ചത്.

കെ.സിയും വി.ഡിയും നേർക്കുനേർ പൊരുതിയപ്പോൾ സീനിയോറിട്ടിയും ഭരണപരിചയവും മുതൽക്കൂട്ടാകുമെന്ന രമേശ് ചെന്നിത്തലയുടെ വാദങ്ങൾ മങ്ങിപ്പോയി. പ്രവർത്തകരുടെ പ്രതിഷേധം വി.ഡി പക്ഷം ആസൂത്രണം ചെയ്‌തതാണെന്ന വാദം കെ.സിക്ക് തെളിയിക്കാനുമായില്ല. വയനാട്ടിൽ ആദ്യം രാഹുലിനും പിന്നീട് പ്രിയങ്കയ്‌ക്കും വൻ വിജയമൊരുക്കിയ 22 എം.എൽ.എമാരുള്ള ലീഗിന്റെ സമ്മർദ്ദം അവഗണിക്കാനായില്ല. പ്രിയങ്ക വഴി ലീഗ് അഭിപ്രായം രാഹുലിനെ അറിയിച്ചു.

താഴെത്തട്ടിൽ സ്വാധീനമുള്ള ലീഗിന്റെ പങ്ക് അവഗണിക്കരുതെന്ന് കെ.മുരളീധരനും ചൂണ്ടിക്കാട്ടി. മറ്റ് ഘടകകക്ഷികളുടെ അനുകൂല നിലപാടും നിർണായകമായി. പ്രിയങ്കയുടെ വയനാട്ടിലെ വിശ്വസ്‌തർ വഴി കേരളത്തിലെ പൊതു ചിത്രം രാഹുലിന് ലഭിച്ചു.

ഉപതിരഞ്ഞെടുപ്പിന്റെ ബാദ്ധ്യത

കെ.സി മുഖ്യമന്ത്രിയായാൽ നിയമസഭയിലേക്കും രാജിവയ്‌ക്കുന്ന ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് വെല്ലുവിളിയാകുമെന്ന വിലയിരുത്തൽ.

ഒരു കൊല്ലത്തിനുള്ളിൽ നടന്നേക്കാവുന്ന ആലപ്പുഴ ഉപതിരഞ്ഞെടുപ്പിൽ ജയിക്കാൻ ബി.ജെ.പി സർവ അടവും പയറ്റാനിടയുള്ളതും കണക്കിലെടുത്തു.

കെ.സിക്കെതിരെ ജനരോഷം

ഒരു പദവിയും ലക്ഷ്യമിടുന്നില്ലെന്ന് പറഞ്ഞ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ നടത്തിയ നീക്കങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. കെ.സിയെ പിന്തുണച്ച എം.എൽ.എമാരും എതിർപ്പ് നേരിട്ടു. കെ.സി സംഘടനാ ജനറൽ സെക്രട്ടറി പദം ദുരുപയോഗം ചെയ്‌തെന്ന ആരോപണവും ദോഷംചെയ്തു. ജനവിധി അട്ടിമറിച്ചെന്ന ആരോപണം ഒഴിവാക്കേണ്ടത് രാഹുലിന്റെയും ആവശ്യമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA