
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ആരംഭിച്ച അന്വേഷണം സ്‌തംഭിച്ചു. നാലുമാസമായി കാര്യമായ അന്വേഷണമോ, തെളിവ് ശേഖരിക്കൽ, സ്വത്ത് മരവിപ്പിക്കൽ തുടങ്ങിയ നടപടികളോ ഇല്ല.
ശബരിമല, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനം, ചെന്നൈയിൽ സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസ്, കർണാടക ബെല്ലാരിയിൽ സ്വർണക്കട, പ്രതികളുടെ വസതികൾ എന്നിവിടങ്ങൾ ഉൾപ്പെടെ 21 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയ ഇ.ഡി, ശക്തമായ നടപടികളിലേക്ക് കടക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.
മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് സമൻസ് നൽകിയെങ്കിലും ചോദ്യം ചെയ്‌തിട്ടില്ലെന്നാണ് വിവരം. എസ്.ഐ.ടി രജിസ്റ്റർ ചെയ്‌ത കേസിലുള്ളവർ ഇ.ഡി കേസിലും പ്രതികളാണ്. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, ഇവർക്ക് പിന്നിൽ പ്രവർത്തിച്ചവർ, തട്ടിപ്പിന്റെ വിഹിതം കൈപ്പറ്റിയവർ തുടങ്ങിയവരിലേക്കും അന്വേഷണം നീളുമെന്ന് പറഞ്ഞിരുന്നെങ്കിലും പലരെയും ചോദ്യം ചെയ്‌തില്ല. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അസിസ്റ്റന്റ് ഡയറക്‌ടർ ആശു ഗോയൽ ഉൾപ്പെടെ 11 പേർ കൊച്ചിയിൽ നിന്ന് സ്ഥലംമാറിപ്പോയി. പുതിയ ഉദ്യോഗസ്ഥർ കാര്യമായ അന്വേഷണത്തിലേക്ക് കടന്നില്ല.
സ്വാഭാവിക താമസം
മാർച്ച് അവസാനം കേസുകളുടെ വാർഷിക നടപടികളായതിനാൽ സ്വർണക്കൊള്ളയിൽ സ്വാഭാവികമായ കാലതാമസം സംഭവിച്ചെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഭദ്രവും വ്യക്തവുമായ തെളിവ് ശേഖരിക്കാനാണ് പ്രാധാന്യം നൽകുന്നത്. കള്ളപ്പണ നിരോധന കേസുകളിൽ അറസ്‌റ്റിന് ധൃതിയില്ല.
ഇതുവരെ
ജനുവരി ഒമ്പതിന് കേസ് രജിസ്‌റ്റർ ചെയ്‌തു
20ന് ശബരിമല ഉൾപ്പെടെ 21 കേന്ദ്രങ്ങളിൽ റെയ്ഡ്
ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ചു
ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിന്റെ 100 ഗ്രാം സ്വർണം കണ്ടുകെട്ടി
കേസിൽ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല
ചോദ്യം ചെയ്യപ്പെട്ട പ്രമുഖർ
തന്ത്രി കണ്ഠരര് രാജീവര്, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ.പത്മകുമാർ, എൻ.വാസു, മുൻ സെക്രട്ടറി എസ്.ജയശ്രീ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായിരുന്ന മുരാരി ബാബു, എസ്.ശ്രീകുമാർ, നടൻ ജയറാം, ഇടനിലക്കാരൻ കൽപേഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |