SignIn
Kerala Kaumudi Online
Monday, 14 September 2026 5.16 PM IST

ശബരിമല ശ്രീകോവിൽ അറ്റകുറ്റപ്പണി തുടങ്ങാൻ വൈകും,​ നാളെ തുടങ്ങാനിരുന്നത് നീട്ടിവച്ചു

sabarimnala

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായ ഭാഗത്തെ അറ്റകുറ്റപ്പണി തുടങ്ങാൻ വൈകും. പണികൾ നാളെ തുടങ്ങുമെന്നാണ് ദേവസ്വം അറിയിച്ചിരുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിക്കേണ്ടതിനാലാണ് പണികൾ നീട്ടിവച്ചത്.

ശ്രീകോവിലിന്റെ മുകളിൽ പൂർണമായ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോർഡ് ഒരുക്കങ്ങൾ പൂർത്തിയാക്കി. ചീഫ് എൻജിനീയറുടെയും തിരുവാഭരണം കമ്മിഷണറുടെയും മേൽനോട്ടത്തിൽ നടക്കുന്ന പണികൾ അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് പൂർത്തിയാക്കും. ചോർച്ച ഭാഗത്തെ സ്വർണപ്പാളികൾക്ക് കേടും സുഷിരങ്ങളുമില്ല. ബാക്കി കൂടി ഇളക്കി നോക്കിയാലേ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കഴിയൂ.

അറ്റകുറ്റപ്പണിക്ക് ആവശ്യമായ സ്വർണം ബോർഡിന്റെ ശേഖരത്തിൽ നിന്നെടുക്കും. സ്‌പോൺസർമാരെ കണ്ടെത്താനുള്ള നിർദേശം നടപ്പിലാകാത്തത് കൊണ്ടാണിത്. 1997ലാണ് ശ്രീകോവിൽ സ്വർണം പൊതിഞ്ഞത്. പലകകൾക്കു മുകളിൽ ചെമ്പ് തകിടുകൾ പാകി അതിനു മുകളിലാണ് സ്വർണം പൊതിഞ്ഞത്. 30 സെന്റിമീറ്റർ നീളവും 30 സെന്റിമീറ്റർ വീതിയുമുള്ള സ്വർണപ്പാളികളാണ് ഉപയോഗിച്ചത്. പാളികൾ ചേരുന്ന ഭാഗത്ത് ആണിയടിച്ചും കെമിക്കൽ ഉപയോഗിച്ചുമാണ് ഉറപ്പിച്ചിട്ടുള്ളത്. ആണി അയഞ്ഞതായും കാൽനൂറ്റാണ്ടിനിടെ കെമിക്കൽ സ്വാഭാവികമായും ഇളകിയതു കൊണ്ടുമാണ് ചോർച്ചയെന്ന് കണ്ടെത്തിയിരുന്നു.

ദേവസ്വം ഭൂമി തിരികെ ലഭിച്ചു

ശബരിമലയിൽ വനംവകുപ്പുമായി തർക്കത്തിലായിരുന്ന 94.5 ഏക്കർ ഭൂമി ദേവസ്വം ബോർഡിന് ലഭിച്ചു. ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ വനഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര് തിരിച്ച് കല്ലിട്ടു.

ആദ്യം 13.5 ഏക്കർ സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 50 ഏക്കർ സ്ഥലം ഒരേക്കറിന് ഒരു രൂപ വച്ച് ലീസിന് ലഭിച്ചു. ഇതു കൂടാതെ 31ഏക്കർ കൂടി വിട്ടുകിട്ടി. അങ്ങനെയാണ് 94.5 ഏക്കർ ദേവസ്വത്തിന് ലഭിച്ചത്. ഇൗ ഭൂമിയിൽ നിർമാണം നടത്തുന്നതിന് വനംവകുപ്പ് തടസം പറഞ്ഞപ്പോഴായിരുന്നു കമ്മിഷനെ നിയോഗിച്ചത്.

''അനുമതി ലഭിച്ചാലുടൻ ശ്രീകോവിൽ മേൽക്കൂരയിലെ അറ്റകുറ്റപ്പണി തുടങ്ങും. തർക്കത്തിലായിരുന്ന ഭൂമി തിരികെ ലഭിച്ചതിൽ സന്തോഷമുണ്ട്.

അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA