
കോഴിക്കോട്: ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്. ഈ മാസം ഒന്നിന് വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
ഐ.എം.സി.എച്ചിൽ ചികിത്സയിലുള്ള രണ്ട് കുട്ടികൾക്കും കൂടി ഷിഗല്ല സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരാങ്കാവ് സ്വദേശിയായ രണ്ടുവയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് (shigellosis) രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണസാദ്ധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
രോഗ ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |