SignIn
Kerala Kaumudi Online
Friday, 21 August 2026 11.38 PM IST

കൊച്ചി- ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം, ടിക്കറ്റ് ₹10,000, 200കിലോ ലഗേജ് ഫ്രീ

READ ENGLISH VERSION
ship

തിരുവനന്തപുരം: സർക്കാരിന്റെ 'മിഷൻ സമുദ്ര‌"യിൽ ഉൾപ്പെടുത്തി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസ് തുടങ്ങുന്നത് വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് പ്രതിരോധമാവും. സാധാരണക്കാരായ പ്രവാസികൾക്കാണ് ഇത് അനുഗ്രഹമാവുക.

ശരാശരി 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. 200കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. കിടക്കകളും ഭക്ഷണവും വിനോദപരിപാടികളുമുണ്ടാവും. 72മുതൽ 90മണിക്കൂർ വരെയാണ് (3-4ദിവസം) യാത്രാസമയം. ഒരു ട്രിപ്പിൽ 1200പേർക്ക് യാത്രചെയ്യാം. മാസത്തിൽ രണ്ടുസർവീസാണ് പരിഗണനയിൽ. ആഘോഷ സീസണുകളിൽ ഒരുലക്ഷത്തിനടുത്താണ് ഗൾഫിലേക്കുള്ള വിമാനനിരക്ക്. നിലവിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽസർവീസുണ്ട്.

സ്വകാര്യസംരംഭകരായിരിക്കും കപ്പൽസർവീസ് നടത്തുകയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ സൂചിപ്പിച്ചിരുന്നു. ഇതിനായി താത്പര്യപത്രം ക്ഷണിക്കും. മാരിടൈംബോർഡ്, നോർക്ക, പ്രവാസി സംഘടനകൾ എന്നിവ പദ്ധതിനടത്തിപ്പിന് കൈകോർക്കും. പ്രവാസി സംഘടനകളുടെയടക്കം സഹായത്തോടെ കപ്പലുകളിൽ നിറയെ യാത്രക്കാരെ ഉറപ്പാക്കും. ടിക്കറ്റ് റിസർവേഷന് നോർക്ക പോർട്ടലുണ്ടാക്കും. കുറഞ്ഞ നിരക്ക് ക്വാട്ട്ചെയ്യുന്ന ഓപ്പറേറ്റർമാരെയാവും തിരഞ്ഞെടുക്കുക.

മുൻപ് ബേപ്പൂരിൽ നിന്ന് സർവീസിന് ശ്രമിച്ചെങ്കിലും അവിടെ വലിയകപ്പലുകൾ അടുപ്പിക്കാനുള്ള ആഴമില്ലാത്തതിനാലാണ് കൊച്ചിയിൽ നിന്നാക്കിയത്. ഇതരസംസ്ഥാനങ്ങളിലെ യാത്രക്കാരെയും പ്രതീക്ഷിക്കുന്നു. ‌ചെറുകിട വ്യാപാരികൾക്ക് ഉത്പന്നങ്ങളും കൊണ്ടുപോവാം.

സുരക്ഷാനുമതി വേണം

ഗൾഫ് സർവീസിന് കേന്ദ്രത്തിന്റെയും ഷിപ്പിംഗ് ഡയറക്ടർജനറലിന്റെയും സുരക്ഷാ-സാങ്കേതിക അനുമതികൾ വേണം. കൊച്ചിയിൽ നിന്ന് ലണ്ടൻ, മാലദ്വീപ്, കൊളംബോ എന്നിവിടങ്ങളിലേക്കടക്കം ക്രൂസ് സർവീസുകളുണ്ട്. ഗൾഫിൽ നിന്ന് കുറഞ്ഞനിരക്കിൽ 175 സീറ്റുള്ള വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിട്ടെങ്കിലും കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല. കുറഞ്ഞ നിരക്കിൽ കപ്പൽസർവീസ് വരുന്നതോടെ, നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാവും.

ടൂറിസത്തിന് ഗുണം

1. ഗൾഫിൽ നിന്നടക്കം വിനോദസഞ്ചാരികളെ ആകർഷിക്കാനാവും. മെഡിക്കൽ ടൂറിസത്തിനടക്കം ഗുണപ്രദമാവും

2. കുറഞ്ഞനിരക്കിൽ സർവീസ് നടത്തുന്നതിന് കമ്പനികൾക്ക് സർക്കാർ വി.ജി.എഫ് ധനസഹായം നൽകേണ്ടിവരും

3. സീറ്റ് കാലിയായിക്കിടന്നാലും പണം നൽകണം. ഇതിനായി കോർപസ്‌ ഫണ്ടും രൂപീകരിക്കേണ്ടിവരും

കൊച്ചിയിൽ നിന്ന് ദുബായിലേക്കും, ഗോവയിലേക്കും യാത്രാക്കപ്പൽ സർവീസുകൾ തുടങ്ങും. കൊച്ചിയിൽ ക്രൂസ് ടെർമിനലും വരും.

-വി.ഡി.സതീശൻ,

മുഖ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA