
പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന ദിവസം തന്നെയും എഡിജിപി എസ് ശ്രീജിത്തിനെയും ബോധപൂർവ്വം സന്നിധാനത്ത് നിന്ന് മാറ്റിയെന്ന എ പത്മകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും അതിന് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ വ്യക്തത വേണ്ടവർ പത്മകുമാറിനെത്തന്നെ ബന്ധപ്പെടണമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പത്മകുമാറിനെ പുറത്താക്കും?
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ പത്തനംതിട്ട ജില്ലാക്കമ്മിറ്റി അംഗം എ. പത്മകുമാറിനെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കും. പത്തനംതിട്ട ജില്ലാക്കമ്മിറ്റിക്ക് സി.പി.എം സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിരുന്നു. പാർട്ടി അംഗത്വം പുതുക്കാതിരുന്ന പത്മകുമാർ കഴിഞ്ഞയാഴ്ച അത് പുതുക്കിയിരുന്നു. ഇപ്പോൾ, പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം ആലോചിക്കുന്നതായാണ് വിവരം. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനമെടുക്കും. നാളെ ചേരുന്ന ജില്ലാക്കമ്മിറ്റി യോഗത്തിൽ സംസ്ഥാനക്കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകൃതമായത് മുതൽ അംഗമാണ് പത്മകുമാർ.
ശബരിമല സ്വർണക്കൊള്ള കേസിന്റെ തുടക്കത്തിൽ തന്നെ പത്മകുമാറിനെതിരെ നടപടിയെടുത്തില്ലെന്നും ഇത് നിയമസഭ തിരഞ്ഞെടുപ്പുഫലത്തെ ബാധിച്ചെന്നും സി.പി.എം അവലോകന റിപ്പോർട്ടിൽ ഏറ്റുപറഞ്ഞിരുന്നു. ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും പത്മകുമാറിനെ മാറ്റി നിറുത്തിയിരിക്കുകയാണ്. തെറ്റ് തിരുത്തൽ നടപടികളുടെ ഭാഗമായി പത്മകുമാറിനെതിരെ സംഘടനാപരമായ നടപടിയെടുക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ശബരിമല സ്വർണ കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി പത്മകുമാറിനെതിരെ നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം.
തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം നിലപാട് മയപ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചത്. എന്നാൽ, നടപടിയെടുക്കുമെന്ന് പരാമർശിക്കാതെ മന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. ഇതോടെയാണ് സി.പി.എം തിരുത്തുകയും റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്തുകയും ചെയ്തത്. പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ലാക്കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെ റിവ്യു റിപ്പോർട്ടും 15ന് ജില്ലാക്കമ്മിറ്റി ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |