കോഴിക്കോട്: ബസ് മാറിക്കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വനിതാ കണ്ടക്ടറെ അധിക്ഷേപിക്കുകയും ബസിന്റെ ബെൽ പൊട്ടിക്കുകയും ചെയ്ത മൂന്ന് സ്ത്രീ യാത്രക്കാർ കസ്റ്റഡിയിൽ. കോഴിക്കോട് സുൽത്താൻ ബത്തേരി റൂട്ടിലോടുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
മലാപ്പറമ്പിലേക്ക് പോകാനായി ബസിൽ കയറിയ മൂവരും ടിക്കറ്റെടുത്ത ശേഷമാണ് തങ്ങൾ കയറിയ ബസ് മാറിപ്പോയ വിവരം അറിയുന്നത്. ബസ് ഈ റൂട്ടിലല്ല പോകുന്നതെന്ന് വനിതാ കണ്ടക്ടർ വ്യക്തമാക്കിയതോടെ തർക്കം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടക്കാവ് ഭാഗത്ത് എത്തിയപ്പോൾ തങ്ങൾക്ക് ഉടൻ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ ബഹളം വച്ചു. എന്നാൽ ടൗൺ ടു ടൗൺ ബസായതിനാൽ അടുത്ത സ്റ്റോപ്പിൽ മാത്രമേ ഇറക്കാൻ കഴിയൂ എന്ന് കണ്ടക്ടർ നിലപാടെടുത്തു.
ഇതോടെ പ്രകോപിതരായ സ്ത്രീകൾ വനിതാ കണ്ടക്ടറോട് തർക്കിക്കുകയും ബസിനുള്ളിൽ ബഹളമുണ്ടാക്കുകയുമായിരുന്നു. തർക്കത്തിനിടയിൽ ഇവർ ബസിന്റെ ബെൽ വലിച്ച് പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാർ ബസ് നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയും വനിതാ കണ്ടക്ടർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ട് കൈമാറി. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതായും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും നടക്കാവ് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |