SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.10 AM IST

'വാൽപ്പാറ അപകടത്തിന് കാരണം ഡ്രെെവറുടെ  പരിചയക്കുറവ്'; വാഹനത്തിന്  തകരാറില്ലായിരുന്നുവെന്ന് ആർടിഒ

valparai-accident

വാൽപ്പാറ: ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറയിലെ വാഹനാപകടത്തിന് കാരണം ഡ്രെെവറുടെ പരിചയക്കുറവാണെന്ന് പൊള്ളാച്ചി ആർടിഒ സെഞ്ചഴിയൻ. ഡ്രെെവറുടെ അമിത ബ്രേക്ക് ഉപയോഗവും അപകടത്തിന് കാരണമായി. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും വാഹനത്തിന് തകരാറില്ലായിരുന്നുവെന്നും ആർടിഒ വ്യക്തമാക്കി.

മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്‌കൂളിൽ നിന്നുള്ള സംഘം യാത്ര ചെയ്ത വാനാണ് നിയന്ത്രണം വിട്ട് വാൽപ്പാറ പൊള്ളാച്ചി ചുരം റോഡിൽ 800 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പടെ ഒമ്പത് പേരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5.20നായിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോൾ പതിമൂന്നാം വളവിൽ വാൻ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ഒൻപതാം ഹെയർപിൻ വളവിലേക്ക് മറിയുകയായിരുന്നു.

സ്‌കൂൾ എച്ച്.എം പുലാന്തോൾ പാലൂർ പരുത്തിയിൽ അജിത (55), അദ്ധ്യാപകരും പാങ്ങ് സ്വദേശികളുമായ വരുപറമ്പിൽ റംല (52), റംലയുടെ മകൻ ഹിഷാം (12 ) സുഹ്റ (43), മജീദ് (43) ഭാര്യ റുഖിയ (39), ഷക്കീന (37),കൊളത്തൂർ സ്വദേശി ആശ (41), പാചക തൊഴിലാളി സാജിദ (45 ) എന്നിവരാണ് മരിച്ചത്.

സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ഉല്ലാസയാത്രയ്ക്ക് പോയതായിരുന്നു ഇവർ. പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 11 എ.എം 7288 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ട്രാവലറിലാണ് ഡ്രൈവർ ഉൾപ്പെടെ 13അംഗ സംഘം യാത്ര പുറപ്പെട്ടത്. ഇതിൽ രണ്ട് കുട്ടികളുമുണ്ട്. ചാലക്കുടിയിലെത്തിയ ശേഷം അതിരപ്പിള്ളി വഴി മലക്കപ്പാറയിലൂടെ വാൽപ്പാറയിലേക്ക് പോയി. വാൽപ്പാറയിൽ നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് അപകടം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT, VALPARAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA